ദിശാബോധം നല്‍കുന്ന ബജറ്റ് : ഫിക്കി

Posted on: June 5, 2021

കൊച്ചി : സംസ്ഥാന ബജറ്റ് കേളത്തിന്റെ പുതിയ വികസന അജന്‍ഡയ്ക്കു ദിശാബോധം നല്‍കുന്നതാണെന്നു ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍ ദീപക് എല്‍. അസ്വാനി. തോട്ടം മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതും എംഎസ്എംഇ നാനോ സെക്ടര്‍ നോളഡ്ജ് മിഷന്‍ എന്നിവയ്ക്ക് ലോണ്‍ സബ്‌സിഡി അനുവദിച്ചതും സ്വാഗതാര്‍ഹമാണ്.

കോവിഡ് കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് സബ്‌സിഡി അനുവദിച്ച അധികനികുതിഭാരം അടിച്ചേല്‍പ്പിക്കാത്ത ബജറ്റ് വാണിജ്യ, വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണ്. കാര്‍ഷിക വ്യാവസായിക, സേവന മേഖലകളിലെ പുതിയ സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാനും നിലവിലുള്ള സജീവമല്ലാത്ത സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്.

ടൂറിസം മേഖലയിലെ യൂണിറ്റുകള്‍ക്കായി 30 കോടി വകയിരുത്തിയതും പുനരുജ്ജീവന പാക്കേജും അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ വര്‍ധിക്കുന്ന വരുമാനക്കമ്മിയും പൊതുകടവും കണക്കിലെടുത്ത് കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിന് സഹായകരമാകുമെന്നും ദീക് എല്‍. അസ്വാനി പ്രത്യാശ പ്രകടിപ്പിച്ചു.

TAGS: Ficci |