കേരള പോലീസിന് ഫിക്കി സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്

Posted on: March 22, 2021

തിരുവനന്തപുരം : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2020-ലെ സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ് കേരള പോലീസിനു ലഭിച്ചു. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പോലീസിനാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ സൈബര്‍ഡോമിനു കീഴിലുള്ള കൗണ്ടര്‍ ചൈല്‍ഡ് സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍ സെന്ററിനാണ് സ്മാര്‍ട്ട് പോലീസിംഗ് അവാര്‍ഡ്. സൈബര്‍ ലോകത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കണ്ടെത്താനും തടയാനുമായി ആരംഭിച്ച സംവിധാനമാണിത്.

അടിയന്തരഘട്ടങ്ങളില്‍ എത്രയുംവേഗം സഹായം ലഭ്യമാക്കാന്‍ രൂപം നല്‍കിയ എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിനാണ് ഫിക്കിയുടെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്. 112 എന്ന നമ്പര്‍ ഡയല്‍ചെയ്താല്‍ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സഹായം ലഭ്യമാക്കുന്ന സംവിധാനമാണിത്.

ഫിക്കി ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. പദ്ധതികളുടെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി. മനോജ് എബ്രഹാമും മറ്റു മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.

 

TAGS: Ficci | Kerala Police |