ഹൈസ്പീഡ് റൂറൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കിന് 12 ന് തുടക്കമാകും

Posted on: January 10, 2015

Hi-Speed-Rural-Broadband-Ne

ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റൂറൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കിന് 12ന് തുടക്കമാകും. ഇടുക്കി ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. 12 ന് വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പദ്ധതി കമ്മീഷൻ ചെയ്യും. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യാതിഥിയാവുന്ന ചടങ്ങിൽ മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, പി.ജെ ജോസഫ്, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ, ഇടുക്കി എംപി ജോയ്‌സ് ജോർജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.

സമ്പൂർണമായ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാനമായൊരു കാൽവയ്പ്പാണ് ഈ പദ്ധതി. നാഷണൽ ഒപ്ടിക്കൽ ഫൈബർ നെറ്റ്‌വർക്ക് (എൻഒഎഫ്എൻ) ലോകത്തിലെ തന്നെ ഏറ്റവും വലിയ നെറ്റ്‌വർക്കുകളിലൊന്നാണ്. ഇന്ത്യയിലെ 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകളെ ബ്രോഡ്ബാൻഡ് ഒപ്ടിക്കൽ ഫൈബർ നെറ്റ്‌വർക്ക് വഴി ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എൻഒഎഫ്എൻ പൂർത്തിയാകുമ്പോൾ 600 ദശലക്ഷം ഗ്രാമീണർക്ക് ബ്രോഡ്ബാൻഡ് സൗകര്യം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

കേന്ദ്ര സർക്കാരിന്റെ വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഓഎഫ്) ആണ് പദ്ധതിക്ക് ഫണ്ട് ചെയ്യുന്നത്. ഗ്രാമീണ മേഖലകളിൽ നഗരങ്ങളിലേതിന് തുല്യമായ സൗകര്യങ്ങളിൽ ടെലികോം സേവനങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. 2.5 ലക്ഷം ഗ്രാമ പഞ്ചായത്തുകൾക്കും 100 എംബിപിഎസ് ബാന്റ്‌വിഡ്ത്ത് ലഭ്യമാക്കുന്ന എൻഒഎഫ്എൻ, ഭാവിയിൽ സർക്കാരിന്റെ നിരവധി ഇ-സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ ഗ്രാമീണ മേഖലയ്ക്ക് തുണയാകും.

ആദ്യഘട്ടത്തിൽ അൻപതിനായിരം ഗ്രാമ പഞ്ചായത്തുകളാണ് പദ്ധതിയിൽ ഉൾപ്പെടുക. ബിഎസ്എൻഎൽ, പിജിസിഐഎൽ, റെയിൽടെൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ ഉപയോഗിക്കുന്ന ജിപിഒഎൻ എക്വിപ്‌മെന്റ് സി-ഡോട്ട് രൂപകൽപന ചെയ്ത് നിർമിച്ചതാണ്. സി-ഡോട്ട് തന്നെ വികസിപ്പിച്ചെടുത്ത ഹൈ കപ്പാസിറ്റി നെറ്റ്‌വർക്ക് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ബിബിഎൻഎൽ ആണ് പ്രൊജക്ട് ദേശീയ തലത്തിൽ ഏകോപിപ്പിക്കുന്നത്.

ഇന്ത്യയിലെ ആദ്യ സമ്പൂർണ ബ്രോഡ്ബാൻഡ് ജില്ലയാവുകയാണ് ഇടുക്കി. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും എൻഒഎഫ്എൻ മുഖേന ബന്ധപ്പെടുത്തിക്കഴിഞ്ഞു.