ആഗോള പട്ടികയില്‍ 11 ഇന്ത്യന്‍ കമ്പനികള്‍

Posted on: January 13, 2021

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ 500 സ്വകാര്യ കമ്പനികളുടെ ഹുറുണ്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള 11 കമ്പനികള്‍ ഇടം പിടിച്ചു. 16,880 കോടി ഡോളറിന്റെ (ഏതാണ്ട് 12.40 ലക്ഷം കോടി രൂപ) വിപണി മൂല്യവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യന്‍ കമ്പനികളില്‍ മുന്നില്‍.

സമ്പന്ന പട്ടികകളിലൂടെ ശ്രദ്ധേയരായ ഹുറുണ്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ലിസ്റ്റില്‍ ടി.സി.എസ്., എച്ച്.ഡി.എഫ്.സി. ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, ഇന്‍ഫോസിസ്, എച്ച്.ഡി.എഫ്.സി., കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഐ.ടി.സി. എന്നിവയും ഇടം പിടിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എസ്.ബി.ഐ. കൂടി പട്ടികയില്‍ ഇടംപിടിക്കുമായിരുന്നു.

ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികള്‍ 11 എണ്ണം മാത്രമാണെങ്കിലും ശേഷിച്ച കമ്പനികളില്‍ ഏതാണ്ട് പകുതിയും (239) ഇന്ത്യയില്‍ പ്രവര്‍ത്തനമുള്ളതാണെന്ന് ഹുറുണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് റിസര്‍ച്ചറുമായ അനസ് റഹ്മാന്‍ ജുനൈദ് പറഞ്ഞു.

ആഗോളതലത്തില്‍ 2.1 ലക്ഷം കോടി ഡോളറിന്റെ വിപണി മൂല്യവുമായി ടെക് കമ്പനിയായ ആപ്പിളാണ് ഒന്നാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ആല്‍ഫബെറ്റ് (ഗൂഗിള്‍) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.