എംആർഎഫ് ഫ്രാഞ്ചൈസി ശൃംഖല വിപുലമാക്കും

Posted on: December 15, 2014

MRF-Koshy-K-Varghese-small

എംആർഎഫ്, ടയേഴ്‌സ് ഫ്രാഞ്ചൈസി ശൃംഖല വിപുലമാക്കുമെന്ന് എംആർഎഫ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കോശി കെ വർഗീസ് പറഞ്ഞു. ഓട്ടോമൊബൈൽ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുത്തൻ കാറുകളുടെ വൻ വിപണിയായി കേരളം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ടയർ സർവീസ് മേഖലയിലെ സാധ്യത വളരെയധികം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി എംആർഎഫിന്റെ 400-ാമത്തെ ടയേഴ്‌സ് ആൻഡ് സർവീസ് ഫ്രാഞ്ചൈസി കൊല്ലം കൊച്ചുപിലാമൂടിൽ തുറന്നു. ചെന്നൈയിലെ എംആർഎഫിന്റെ അത്യാധുനിക ടയർഡ്രോം ട്രെയിനിങ്ങ് സെന്ററിൽ നിന്ന് വീൽ അലൈൻമെന്റിലും, വീൽ ബാലൻസിംഗിലും പ്രത്യേകം പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരുടെ സേവനം ഫ്രാഞ്ചൈസി സെന്ററുകളിൽ വിന്യസിപ്പിക്കും. ഇത്തരം പരിശീലനം നൽകുന്ന രാജ്യത്തെ ഏക കേന്ദ്രമാണ് എംആർഎഫ് ടയർഡ്രോം ട്രെയിനിങ്ങ് സെന്റർ.

എംആർഎഫ് ടയറുകളുടെ സമ്പൂർണ ശ്രേണി എല്ലാ ഫ്രാഞ്ചൈസി സെന്ററുകളിലും ഒരുക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത അത്യാധുനിക യന്ത്ര സാമഗ്രികളാണ് സർവീസ് വിഭാഗത്തിൽ ലഭ്യമാക്കുക.

വീൽ അലൈൻമെന്റ്, ബാലൻസിംഗ്, അലൈൻമെന്റ് പരിശോധനയ്ക്ക് വെഹിക്കിൾ സേഫ്ടി ടെസ്റ്റ് ലെയ്ൻ, ഇന്റഗ്രേറ്റഡ് ടയർ മെഷർമെന്റ് സംവിധാനമുള്ള ഷോക്ക് അബ്‌സോർബർ, ബ്രേയ്ക്ക് ടെസ്റ്റിങ്ങ്, എ. സി റിക്കവറി യൂണിറ്റ്, ഹെഡ് ലൈൻ അലൈനർ, ഓട്ടോമാറ്റിക് ടയർ ഫിറ്റ്‌മെന്റ് തുടങ്ങിയ സേവനങ്ങൾ എല്ലാ ഫ്രാഞ്ചൈസി സെന്ററുകളിലും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

TAGS: MRF Tyres |