കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും ഇനി ഓരോ വർഷത്തെ ഇൻഷുറൻസ്

Posted on: June 10, 2020

കൊച്ചി : പുതിയതായി വാങ്ങുന്ന കാറുകൾക്ക് മൂന്ന് വർഷത്തെയും ഇരുചക്രവാഹനങ്ങൾക്ക് അഞ്ച് വർഷത്തെയും ഇൻഷുറൻസ് വേണമെന്ന നിബന്ധന ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അഥോറിട്ടി പിൻവലിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ ഇനി ഓരോ വർഷത്തേക്കുള്ള ഇൻഷുറൻസ് പോളിസി എടുത്താൽ മതി. സുപ്രീംകോടതി വിധിയെ തുടർന്ന് 2018 സെപ്റ്റംബർ മുതലാണ് പുതിയ ഇൻഷുറൻസ് നിബന്ധന ഏർപ്പെടുത്തിയത്.

മൂന്നും അഞ്ചും വർഷത്തേക്കുള്ള ഇൻഷുറൻസ് തുക ഒന്നിച്ചടയ്ക്കുന്നത് പുതുതായി വാഹനം വാങ്ങുന്നവർക്ക് വലിയ ബാധ്യത വരുത്തിയിരുന്നു. സേവനം മോശമാണെങ്കിൽ ഒരേ ഇൻഷുറൻസ് കമ്പനിയിൽ വർഷങ്ങൾ തുടരേണ്ടി വരുന്നത് ഉപഭോക്താക്കൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

വലിയൊരു വിഭാഗം ഇരുചക്ര വാഹന ഉടമകൾ കൃത്യമായി ഇൻഷുറൻസ് പുതുക്കാത്തത് സർക്കാരിനും തലവേദനയായിരുന്നു. പ്രീമിയത്തിൽ വർഷന്തോറുമുള്ള വർധനയാണ് ഇൻഷുറൻസ് പുതുക്കുന്നതിൽ നിന്ന് ഇരുചക്രവാഹന ഉടമകളെ പിന്തിരിപ്പിച്ചിരുന്നത്.

TAGS: IRDA | Motor Insurance |