സ്‌പേസ് ടെക്‌നോളജി കോൺക്ലേവ് 31 മുതൽ തിരുവനന്തപുരത്ത്

Posted on: January 26, 2020

തിരുവനന്തപുരം : സ്‌പേസ് പാർക്കിന്റെ ആഭിമുഖ്യത്തിൽ ബഹിരാകാശ സാങ്കേതിക വിദ്യയിലെ ഗവേഷണ, വ്യവസായ സാധ്യതകൾ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന രാജ്യാന്തര സ്‌പേസ് ടെക്‌നോളജി കോൺക്ലേവ് 31 മുതൽ കോവളം ലീല റാവിസിൽ നടക്കും. എയർബസ്, യൂറോപ്യൻ സ്‌പേസ് ഏജൻസി, നാസ, ഇഎസ്ആർഐ, ഐഎസ്ആർഒ, ഡിആർഡിഒ തുടങ്ങി ബഹിരാകാശ മേഖലയിലെ വമ്പൻ സ്ഥാപാനങ്ങളുടെ പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുക്കും.

ബഹിരാകാശ പഠന മേഖലയിലെ അവസരങ്ങൾ പങ്കുവെയ്ക്കാൻ 10 സർവകലാശാലകളുടെ കൂട്ടായ്മയായ ഇന്റർനാഷൺ സാറ്റലൈറ്റ് പ്രോഗ്രാം ഇൻ റിസേർച്ച് ആൻഡ് എഡ്യുക്കേഷൻ (ഇൻസ്പയർ) ശില്പശാലയിൽ പ്രവേശനം സൗജന്യമാണ്. ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.15 മുതൽ 4.15 വരെയുള്ള ശില്പശാല മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ ചെയർമാൻ കെ. ശിവൻ, മുൻ ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുക്കും.

കോൺക്ലേവിൽ പങ്കെടുക്കാൻ 6000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. വിദ്യാർത്ഥികളും അധ്യാപകരും 3000 രൂപ നൽകിയാൽ മതി. സ്റ്റാർട്ടപ്പുകൾക്ക് 20 ശതമാനം ഇളവുണ്ട്. കൂടുതൽ വിവരങ്ങൾ spacepark.kerala.gov.in/stc എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും.