സ്‌പേസ് പാർക്കിൽ ഇൻസ്പയർ അന്താരാഷ്ട്ര ഉപഗ്രഹ പഠന പദ്ധതി

Posted on: February 2, 2020

തിരുവനന്തപുരം: അന്താരാഷ്ട്ര കൃത്രിമോപഗ്രഹ ഗവേഷണവിദ്യാഭ്യാസ പദ്ധതി (ഇൻസ്പയർ) തിരുവനന്തപുരത്തെ നിർദ്ദിഷ്ട സ്‌പേസ് പാർക്കിൽ നടപ്പാക്കും.

കാലാവസ്ഥാ നിരീക്ഷണമടക്കം ലക്ഷ്യമാക്കി ചെറിയ കൃത്രിമോപഗ്രഹങ്ങൾ നിർമിക്കുന്നതിനു സഹായിക്കുന്ന ഈ പദ്ധതി ഇപ്പോൾ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും തിരുവനന്തപുരത്തുതന്നെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിലും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ലോകത്തിലെ എട്ടു പ്രമുഖ സർവകലാശാലകൾ ചേർന്നാണ് ഇൻസ്പയറിനു രൂപം നൽകിയിട്ടുള്ളത്. ചെറുകിട ഉപഗ്രഹങ്ങൾ നിർമിച്ച് വിക്ഷേപിക്കുന്നതിനും അതിലൂടെ അവയുടെ ശൃംഖല നിർമിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ഗ്രൗണ്ട് സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമാണ്.

കോവളത്ത് സമാപിച്ച ബഹിരാകാശ ഉച്ചകോടിയിൽ ഇൻസ്പയർ പദ്ധതിയെക്കുറിച്ചു നടന്ന സെഷനിലാണ് ഇക്കാര്യം വ്യക്തമാക്കപ്പെട്ടത്. ജർമനിയിലെ വുപ്പർട്ടാൽ സർവകലാശാലയിലെ പ്രൊഫസർ ഡോ. മാർട്ടിൻ കഫ്മാൻ, ലബോറട്ടറി ഓഫ് അറ്റ്‌മോസ്‌ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സ് മുൻ എൻജിനീയറിംഗ് ഡയറക്ടർ മൈക്ക് മക്ഗ്രാത്ത്, ലാസ്പ് പ്രോഗ്രാം മാനേജർ റിക്ക് കോനെർട്ട്, തയ്വാൻ നാഷണൽ സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രൊഫസർ ലോറൻ ചാങ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ബഹിരാകാശവ്യവസായത്തിലെ പുത്തൻ ദൗത്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തിൽ സ്‌പേസ് പാർക്ക് ആണ് എഡ്ജ്-2020 എന്ന പേരിൽ ഉച്ചകോടി സംഘടിപ്പിച്ചത്. അടുത്ത ഉച്ചകോടി അടുത്ത ജനുവരിയിൽ നടത്താൻ തീരുമാനമായി.