ബഹിരാകാശ മനുഷ്യ ദൗത്യം ഇന്ത്യയ്ക്ക് വൻവാണിജ്യനേട്ടമാകും: ജി മാധവൻ നായർ

Posted on: February 2, 2020

തിരുവനന്തപുരം : മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ദൗത്യമായ ഗഗൻയാൻ ഇന്ത്യയുടെ അടുത്ത സുപ്രധാന കാൽവെയ്പാകുമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ. ഈ ദൗത്യം വിജയിച്ചാൽ ഇന്ത്യയ്ക്ക് ബഹിരാകാശമേഖലയിൽ നിന്ന് വൻവാണിജ്യനേട്ടം കൊയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശവ്യവസായത്തിലെ പുത്തൻ ദൗത്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായി കോവളം റാവീസ് ബീച്ച് റിസോർട്ടിൽ ‘നവ ബഹിരാകാശം – അവസരങ്ങളും മുന്നോട്ടുള്ള വഴികളും’ എന്ന പ്രമേയത്തിൽ സ്‌പെയ്‌സ് പാർക്ക് സംഘടിപ്പിച്ച ദ്വിദിന ഉച്ചകോടിയായ എഡ്ജ് 2020 ൻറെ രണ്ടാം ദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജിഎസ്എൽവി മാർക്ക്-3 റോക്കറ്റിൽ മൂന്ന് ബഹിരാകാശയാത്രികരെ വഹിച്ചുള്ള ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ സാധ്യമായാൽ രാജ്യത്തിന് ബഹിരാകാശ വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശിക്കാനാകും. അപൂർവ്വം രാജ്യങ്ങൾക്കുമാത്രമേ ഇതിനോടകം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനായിട്ടുള്ളൂ. ചെലവ് ചുരുങ്ങിയതും അത്യാധുനികവും മികവേറിയതുമായ സാങ്കേതികവിദ്യകളുള്ള ഇന്ത്യയ്ക്ക് ഇത് സാധ്യമാണെന്ന് ‘ബഹിരാകാശവ്യവസായത്തിൻറെ ഭാവി വിഭാവനം ചെയ്യൽ’ എന്ന വിഷയത്തിലെ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഐഎസ്ആർഒ ഇപ്പോൾ പ്രാമുഖ്യം നൽകുന്ന ബഹിരാകാശ മനുഷ്യ ദൗത്യങ്ങളിലൂടെ ചൊവ്വയിലും ചന്ദ്രനിലും കോളനികൾ രൂപപ്പെടുത്താനാകും. ഇന്ത്യൻ ബഹിരാകാശ പരിപാടികൾ പക്വതയിലെത്തിയിട്ടുണ്ടെങ്കിലും അതിൽ എല്ലാ വ്യാവസായിക മേഖലകളുടേയും പങ്കാളിത്തത്തിൻറെ അഭാവമുണ്ട്. പൊതു നിക്ഷേപമുള്ള ബഹിരാകാശമേഖലയിലേക്ക് സ്റ്റാർട്ടപ്പുകൾക്കൊപ്പം സ്വകാര്യനിക്ഷേപം ആകർഷിക്കാൻ സ്‌പെയ്‌സ് പാർക്കിനു സാധിക്കും. 2030 ആകുമ്പോൾ ബഹിരാകാശ വ്യവസായത്തിലെ ആവശ്യകതകൾ പതി?ടങ്ങ് വർദ്ധിക്കുമെന്നും മാധവൻ നായർ വ്യക്തമാക്കി.

ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ മുൻതൂക്കം നൽകുമെന്നും ഇത്തരത്തിലുള്ള സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ വൈദഗ്ധ്യം ആവശ്യമാണെന്നും ‘ബഹിരാകാശ സാങ്കേതികവിദ്യകൾക്കായുള്ള ലോകോത്തര അന്തരീക്ഷം രൂപപ്പെടുത്തൽ’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

സ്‌പെയ്‌സ് പാർക്കിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ ന്യു സ്‌പെയ്‌സ് ഇന്ത്യ ലിമിറ്റഡിൻറെ നിർദേശവും സഹകരണവും തേടുമെന്ന് പാർക്കിൻറെ ചുമതലയുള്ള കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ എംഡി ഡോ.ജയശങ്കർ പ്രസാദ് പറഞ്ഞു. സ്‌പെയ്‌സ് പാർക്കിൽ ഗവേഷണത്തിനും വികസനത്തിനും പുറമേ ഈ മേഖലയിലെ സ്ഥാപനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ടൂൾറൂമും സജ്ജമാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലോകോത്തര ബഹിരാകാശ അന്തരീക്ഷം സംസ്ഥാനത്ത് സാധ്യമാക്കുന്നതിനുള്ള അടിസ്ഥാനഘടകം നൈപുണ്യമാണെന്ന് സ്‌പെയ്‌സ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പ് പറഞ്ഞു. മികച്ച അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മർമ്മപ്രധാനമാണെന്നും പാനൽ ചർച്ച നയിച്ച അദ്ദേഹം വ്യക്തമാക്കി.

ബഹിരാകാശ സാങ്കേതികവിദ്യാ മേഖലയിലെ ആഗോള വിദഗ്ധരും വ്യവസായ പ്രമുഖരും അണിനിരന്ന ഉച്ചകോടിയിൽ ഐഎസ്ആർഒ, എയർബസ്, സിഎൻഇഎസ്, എൽഎഎസ്പി, സ്‌പെയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.