ബഹിരാകാശ മേഖല: വിദേശ സ്ഥാപനങ്ങളുമായി കേരളം സഹകരിക്കും

Posted on: February 2, 2020

തിരുവനന്തപുരം : ബഹിരാകാശ ഗവേഷണത്തിലും വ്യവസായത്തിലും കേരളത്തിന് വൻ സാധ്യതകളൊരുക്കുന്ന സഹകരണത്തിന് സ്‌പെയ്‌സ് പാർക്ക് സംഘടിപ്പിച്ച ആഗോള ബഹിരാകാശ ഉച്ചകോടിയിൽ ധാരണയായി.

അമേരിക്കയിലെ ബഹിരാകാശ ദൗത്യങ്ങളുമായി സഹകരിക്കുന്ന ഗവേഷണ സ്ഥാപനമായ ലാസ്പും (ലബോറട്ടറി ഫോർ അറ്റ്‌മോസ്‌ഫെറിക് ആൻഡ് സ്‌പേസ് ഫിസിക്‌സ്) ഐക്യരാഷ്ട്ര സഭയുടെ സ്‌പേസ് ആപ്ലിക്കേഷനുകളുമായി സഹകരിക്കുന്ന സ്‌പേസ് ജനറേഷൻ അഡൈ്വസറി കൗൺസിലുമായുമുള്ള (എസ്ജിഎസി) സംസ്ഥാന സർക്കാരിൻറെ ലെറ്റർ ഓഫ് ഇൻറൻറുകൾ ഉച്ചകോടിയിൽ കൈമാറി.

ലാസ്പ് പ്രോഗ്രാം ഡയറക്ടർ ഡോ. ഡാനിയേൽ ബേക്കറും എസ്ജിഎസി നാഷണൽ പോയിൻറ് ഓഫ് കോണ്ടാക്ട് ഇന്ത്യ ഡോ ജയകുമാർ വെങ്കിടേശനുമാണ് സ്‌പെയിസ് പാർക്ക് സ്‌പെഷ്യൽ ഓഫീസർ സന്തോഷ് കുറുപ്പിന് ലെറ്റർ ഓഫ് ഇൻറൻറുകൾ കൈമാറിയത്.

കൊളറാഡോ സർവകലാശാലയിലെ ലാസ്പിൻറെ പരിചയ സമ്പത്ത് കേരളത്തിലെ ഗവേഷണസ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും ഉപയോഗിക്കാനും ഭാവി ബഹിരാകാശ ദൗത്യങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭ്യമാകും. ഐക്യരാഷ്ട്ര സഭയുടെ സ്‌പേസ് ആപ്ലിക്കേഷനുകളുമായി സഹകരിക്കുന്ന സ്‌പേസ് ജനറേഷൻ അഡൈ്വസറി കൗൺസിലുമായാണ് (എസ്ജിഎസി) രണ്ടാമത്തെ ലെറ്റർ ഓഫ് ഇൻറൻറ്. നയരൂപീകരണം, ബഹിരാകാശ ദൗത്യങ്ങളിൽ യുവശക്തി സമാഹരണം, സംരംഭകത്വ പ്രോത്സാഹനം, പരിശീലനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന എസ്ജിഎസിയുമായുള്ള ബന്ധം കേരളത്തിന് ആഗോള ബഹിരാകാശ ഗവേഷണ, വ്യവസായ മേഖലകളിലേയ്ക്ക് പ്രവേശിക്കാൻ സഹായകമാകും.