സൈബർ ലോകത്തെ ഉന്നതതലസംഘം സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചു

Posted on: November 21, 2014

Startup-Village-High-Level-

സ്റ്റാർട്ടപ്പ് വില്ലേജിനെ അടുത്തറിയാനും യുവസംരംഭകരുമായി സഹകരിക്കാനും ലക്ഷ്യമിട്ട് സൈബർ ലോകത്തെ ഉന്നതതല സംഘം കളമശേരി സ്റ്റാർട്ട്പ്പ് വില്ലേജ് സന്ദർശനം നടത്തി. ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ, ഫേസ്ബുക്ക് ഇന്ത്യ മേധാവി കൃതിഗാ റെഡി, മൈക്രോസോഫ്റ്റ് കൺസ്യൂമർ ചാനൽ മേധാവി ജി. ചക്രപാണി, ലിങ്ക്ഡ്ഇൻ ഇന്ത്യ ഹെഡ് നിഷാന്ത് റാവു, മനോരമ ഓൺലൈൻ ചീഫ് ഓപറേറ്റിംഗ് ഓഫീസർ മറിയം മാമ്മൻ മാത്യു, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ (ഐഎഎംഎഐ) പ്രസിഡന്റ് ശുഭോ റായ് എന്നിവരുൾപ്പട്ട ഉന്നതതല സംഘമാണ് സ്റ്റാർട്ടപ്പ് വില്ലേജ് സന്ദർശിച്ചത്.

സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഗൂഗിൾ നൽകിവരുന്ന സേവനങ്ങൾ കളമശേരി സ്റ്റാർട്ടപ്പ് വില്ലേജിലേക്കും വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാജൻ ആനന്ദൻ പറഞ്ഞു. യുവസംരംഭകരുടെ പിന്താങ്ങാവുന്ന പദ്ധതികളെക്കുറിച്ച് ഉടനെ തീരുമാനിക്കുമെന്ന് ഐഎഎംഎഐ പ്രസിഡന്റ് ശുഭോ റായ് പറഞ്ഞു.

സ്റ്റാർട്ടപ്പ് വില്ലേജിനുള്ള വലിയ അംഗീകാരമാണ് ഉന്നതതല സന്ദർശനമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ അഭിപ്രായപ്പെട്ടു. സ്റ്റാർട്ടപ്പ് വില്ലേജിന്റെ പ്രയത്‌നങ്ങൾക്ക് ഫലം ലഭിച്ചു തുടങ്ങിയതായി സ്റ്റാർട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാർ സുരേഷ് പറഞ്ഞു. പുതിയ ഉത്പന്നങ്ങൾക്ക് നേരിട്ട് സഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച ആശയവിനിമയത്തിന് 15 സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രതിനിധികൾ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.