ക്ലൗഡ്പാഡ് 3 ജി ടാബ്‌ലെറ്റ് ഫോൺ ഇന്ത്യൻ വിപണിയിൽ

Posted on: November 12, 2014

Kloudpad-Tablet-big

ബ്രിട്ടണിലെ ക്ലൗഡ്പാഡ് മൊബിലിറ്റി റിസർച്ച്  ഇന്റലിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ചെലവുകുറഞ്ഞ ത്രീജി ടാബ്‌ലെറ്റ് ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും. ബംഗലുരുവിൽ നടക്കുന്ന സെബിറ്റിൽ ഇന്റൽ ഇന്ത്യ പ്രസിഡന്റ് കുമുദ് ശ്രീനിവാസൻ ക്ലൗഡ്പാഡ് ടാബ്‌ലറ്റ് ഔപചാരികമായി പുറത്തിറക്കും. ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണിന്റെ എല്ലാ ഗുണങ്ങളും ക്ലൗഡ്പാഡ് ടാബ്‌ലെറ്റിനുണ്ടായിരിക്കും. ഏറ്റവും പുതിയ ഇന്റൽ ക്ലവർ ട്രയൽ 1.2 ഗിഗഹെർട്‌സ് ആറ്റം ഡ്യുവൽ കോർ പ്രോസസർ ക്ലൗഡ്പാഡ് ടാബ്‌ലെറ്റിന് പലവിധ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനു സഹായകമാണ്.

ക്ലൗഡ്പാഡ് 3 ജി ടാബ്‌ലെറ്റിന് 11,999 രൂപയാണ് വില. രാജ്യത്തുടനീളം ക്ലൗഡ്പാഡ് ലഭ്യമാക്കുന്നതിനായി ഇ കൊമേഴ്‌സ് പോർട്ടലായ പേ ടിഎം പങ്കാളിത്തമേറ്റിട്ടുണ്ടെന്ന് ക്ലൗഡ്പാഡ് സഹസ്ഥാപകനും എംഡിയുമായ ആരോമൽ ജയരാജ് പറഞ്ഞു.

കെജി മുതൽ പ്ലസ്ടു വരെയുള്ള സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ് വിദ്യാർത്ഥികൾക്കായി സ്മാർട്ട് കൂൾ ആപ്ലിക്കേഷനുമായാണ് ടാബ്‌ലെറ്റ് അവതരിപ്പിക്കുന്നത്. പ്രാരംഭ വാഗ്ദാനമെന്ന നിലയിൽ വിദ്യാർത്ഥികൾക്ക് ഒരു ക്ലാസ് റൂം ഉള്ളടക്കം സൗജന്യമായി ലഭിക്കുമെന്നും മറ്റുള്ളവ പ്രത്യേകം വാങ്ങാവുന്നതാണെന്നും ക്ലൗഡ്പാഡ് ഗ്ലോബൽ ബിസിനസ് ഓപറേഷൻസ് സിഇഒ അഭിഷേക് ജയരാജ് പറഞ്ഞു.

ടാബ്‌ലെറ്റ് ഫോൺ നിർമിക്കുന്നതിന് ക്ലൗഡ്പാഡ് മൊബിലിറ്റി റിസർച്ച് കൊച്ചിയിൽ നിർമാണകേന്ദ്രം ആരംഭിക്കും. ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലൗഡ്പാഡ് 20 കോടി മുതൽമുടക്കിലാണ് അത്യാധുനിക നിർമാണകേന്ദ്രം സജ്ജമാക്കുന്നത്. നിലവിൽ ചൈനയിലെ ഷെൻസെനിലുള്ള നിർമാണകേന്ദ്രത്തിലാണ് ക്ലൗഡ്പാഡ് ടാബ്‌ലെറ്റുകൾ ഉത്പാദിപ്പിക്കുന്നത്. കൊച്ചി സീപോർട്ട് – എയർപോർട്ട് റോഡിൽ കിൻഫ്രയ്ക്കു സമീപം പ്ലാന്റ് സ്ഥാപിക്കാനുള്ള ഭൂമി കണ്ടെത്തും. കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജിൽ കമ്പനിക്ക് സമ്പൂർണ സൗകര്യങ്ങളുള്ള ഗവേഷണ വികസന കേന്ദ്രവുമുണ്ടെന്ന് ആരോമൽ ജയരാജ് പറഞ്ഞു.