കല്യാൺ ജൂവലേഴ്‌സ് 100 ആഡംബര ബ്രാൻഡുകളുടെ ഡിലോയിറ്റ് പട്ടികയിൽ

Posted on: June 1, 2019

കൊച്ചി : കല്യാൺ ജൂവല്ലേഴ്‌സിനെ ഡിലോയിറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച 100 ആഡംബര ബ്രാൻഡുകളിൽ ഒന്നായി തെരഞ്ഞെടുത്തു. ആഗോളതലത്തിൽ ആഡംബര വിപണിയേക്കുറിച്ചും ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദമായ പഠനം നടത്തിയ റിപ്പോർട്ടാണ് ഡിലോയിറ്റിന്റേത്.

ലോകത്തിലെതന്നെ ഏറ്റവും വലിയ അക്കൗണ്ടിംഗ് സ്ഥാപനവും പ്രഫഷണൽ ശൃംഖലയും ആയ ഡിലോയിറ്റ് ആഗോളതലത്തിൽ കണ്ടെത്തിയ100 ബ്രാൻഡുകളിൽ കല്യാൺ ജൂവലേഴ്‌സ് ഉൾപ്പെടെ അഞ്ച് ഇന്ത്യൻ ബ്രാൻഡുകളെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കല്യാൺ ജൂവലേഴ്‌സിന് ഡിലോയിറ്റിന്റെ ആഗോളപട്ടികയിൽ 35 ാം സ്ഥാനവും ഇന്ത്യൻ ആഡംബര ബ്രാൻഡുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനവുമുണ്ട്.

ഇരുപത്തിയാറു വർഷത്തെ സേവനം പൂർത്തിയാക്കുന്നതിനുപുറമേ ഇന്ത്യയിൽ സ്വന്തമായി 100 ഷോറൂമുകൾ തുറക്കുന്ന ആദ്യ ആഭരണ ബ്രാൻഡ് എന്ന നേട്ടവും കല്യാൺ ജൂവലേഴ്‌സ് സ്വന്തമാക്കി. ഇന്ത്യയ്ക്ക് പുറമേ പടിഞ്ഞാറൻ ഏഷ്യയിലും 32 സ്റ്റോറുകളുമായി കല്യാൺ ജൂവലേഴ്‌സ് ശക്തമായ സാന്നിധ്യം ഉറപ്പിച്ചു.

ഡിലോയിറ്റിന്റെ ഏറ്റവും മികച്ച 100 ആഗോള ആഡംബര ബ്രാൻഡുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയാണെന്ന് കല്യാൺ ജൂവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌റുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കല്യാൺ ജൂവലേഴ്‌സിന്റെ എല്ലാ അഭ്യുദയകാംഷികളെയും ജീവനക്കാരേയും അഭിനന്ദിക്കുവാൻ ഈ അവസരം ഉപയോഗിക്കുകയാണെന്നും ഇതുവരെയുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നല്കിയ ഉപയോക്താക്കളോട് നന്ദി അറിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.