ശ്രീലങ്കയിൽ ലുലു മാൾ തുടങ്ങാൻ എം എ യൂസഫലിക്ക് ക്ഷണം

Posted on: September 16, 2017

കൊച്ചി ലുലു മാളിൽ സന്ദർശിക്കാനെത്തിയ ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല രത്നായകയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സ്വീകരിക്കുന്നു.

കൊച്ചി : ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല ഗജേന്ദ്ര രത്നായക ഇടപ്പള്ളി ലുലു മാളിൽ സന്ദർശനം നടത്തി. ശ്രീലങ്കയിലെ ക്രമസമാധാന പാലനത്തിന്റെയും ദക്ഷിണ മേഖലാ വികസനത്തിന്റെയും ചുമതലയുള്ള ഇദ്ദേഹം ലുലു മാളിലെ ബിസിനസ് കാഴ്ചകളും ജനപ്രവാഹവും കണ്ട് അത്ഭുതപരതന്ത്രനായി. ലുലു മാളിൽ മണിക്കൂറുകൾ ചെലവിട്ട രത്നായക ശ്രീലങ്കയിലും ലുലു മാൾ തുടങ്ങാൻ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്ശ്രീ എം എ യൂസഫലിയെ ക്ഷണിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ ലുലു മാളിന്റെ പ്രവർത്തനം നേരിൽകാണുന്നതിനാണ് സാമ്പത്തിക വിദഗ്ധൻ കൂടിയായ രത്‌നായക കൊച്ചിയിൽ എത്തിയത്. ലുലു മാളിലെത്തിയ മന്ത്രിയെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും ലുലു മാൾ മാനേജ്‌മെന്റും ചേർന്ന് സ്വീകരിച്ചു. രാവിലെ മുതൽ മണിക്കൂറുകളോളം അദ്ദേഹം ലുലു മാളിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു. മാളിലേക്ക് ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ജനക്കൂട്ടമാണ് മന്ത്രിയെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത്. എം എ യൂസഫലിക്കൊപ്പം ലുലു ഹൈപ്പർ മാർക്കറ്റും ലുലു കണക്ടും ലുലു സെലിബ്രേറ്റും ചുറ്റി നടന്നു കണ്ട മന്ത്രി, മാളിന്റെ പ്രവർത്തന രീതിയിലും മാളിൽ നടക്കുന്ന ബിസിനസിന്റെ വൈപുല്യത്തിലും ഉത്പന്നങ്ങളുടെ വൈവിധ്യത്തിലും വിസ്മയം പ്രകടിപ്പിച്ചു.

ശ്രീലങ്കൻ കാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല രത്നായക, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്കൊപ്പം കൊച്ചി ലുലു മാളിന്റെ പ്രവർത്തനം നോക്കിക്കാണുന്നു.

മാളിലെ വിനോദ വിഭാഗവും ഫുഡ്കോർട്ടും സന്ദർശിച്ച അദ്ദേഹം കേരളീയ വിഭവങ്ങളുടെ രുചി ആസ്വദിക്കാനും സമയം കണ്ടെത്തി. മാളിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ എം എ യൂസഫലിയിൽ നിന്ന് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ശ്രീലങ്കയിലും മാൾ ആരംഭിക്കാൻ എം എ യൂസഫലിയെ ക്ഷണിച്ച രത്നായക ശ്രീലങ്കൻ സർക്കാരിന്റെ പൂർണ പിന്തുണയും എം എ യൂസഫലിക്ക് വാഗ്ദാനം ചെയ്തു. വൈകുന്നേരത്തോടെ അദ്ദേഹം തിരിച്ചു പോയി.