ബാങ്ക് ജീവനക്കാർ ഓഗസ്റ്റ് 22 ന് പണിമുടക്കും

Posted on: June 29, 2017

തിരുവനന്തപുരം : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർ ഓഗസ്റ്റ് 22 ന് അഖിലേന്ത്യ പണിമുടക്ക് നടത്തും. ബാങ്കുകളുടെ ലയനവും സ്വകാര്യവത്കരണവും ഉൾപ്പടെ ബാങ്കിംഗ് മേഖലയെ തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് സമരം.

ദേശീയ പണിമുടക്കിന് മുന്നോടിയായി ജൂലൈ 19 ന് മറ്റ് സമരപരിപാടികൾ സംഘടിപ്പിക്കാനും മുംബൈയിൽ ചേർന്ന യുഎഫ്ബിയു യോഗം തീരുമാനിച്ചു. ബാങ്കിംഗ് സേവനങ്ങൾക്ക് മേൽ ഏർപ്പെടുത്തിയ 15 ശതമാനം ജി എസ് ടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കിട്ടാക്കടം സർവീസ് ചാർജുകളുടെ രൂപത്തിൽ ഇടപാടുകാരിൽ നിന്ന് ഈടാക്കാനുള്ള നടപടികളിലും യോഗം പ്രതിഷേധം രേഖപ്പെടുത്തി.