ചരക്ക്‌നീക്കം : ഐസിടിടിക്ക് റെക്കോർഡ് നേട്ടം

Posted on: March 24, 2016

DP-World-Vallarpadam-ICTT-B

കൊച്ചി : കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ നടപ്പ് ധനകാര്യ വർഷത്തിൽ 4 ലക്ഷം ടിഇയു കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത് റെക്കോർഡ് ഇട്ടതായി നടത്തിപ്പുകാരായ ഡിപിവേൾഡ് അറിയിച്ചു. മാർച്ച് 17 വരെ 4,00,238 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തു. 2015-16 ൽ 4.15 ലക്ഷം എത്തുമെന്ന് കരുതുന്നു. മുൻ വർഷത്തെ 3,52,629 ടിഇയുവിനെ അപേക്ഷിച്ച് 13.5 % വളർച്ചയുണ്ടായി.

മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽ കണ്ടെയ്‌നറുകളുടെ എണ്ണം 28 %, ഫെബ്രുവരിയിൽ 38 % ഉം വർധിച്ചു. മാർച്ചിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു. മാർച്ചിൽ ടെർമിനലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ട്രക്ക് മൂവ്‌മെന്റും ഉണ്ടായി. ഇന്ത്യയിലെയും വിദേശത്തെയും തന്ത്രപ്രധാനമായ തുറമുഖങ്ങളിൽ നിന്ന് കൂടുതൽ കപ്പൽ സർവീസുകൾ തുടങ്ങിയത് ഈ നേട്ടങ്ങൾക്ക് സഹായകമായി.

മിഡിൽ ഈസ്റ്റ് – ഫാർ ഈസ്റ്റ് ഗാലക്‌സ് സർവീസ്, വിവിധ ഏഷ്യൻ തുറമുഖങ്ങൾ ബന്ധിപ്പിക്കുന്ന സർവീസുകൾ, യൂറോപ്പിലേക്കും ആസ്‌ട്രേലിയയിലേക്കും നേരിട്ട് സർവീസ്, യുഎസ് കിഴക്കൻ തീരത്തേക്ക് കണക്ഷൻ എന്നിവ ഇപ്പോൾ കൊച്ചിയിൽ ലഭ്യമാണ്.

വ്യാപാര സമൂഹത്തിന്റെയും, ഷിപ്പിംഗ് ലൈനുകളുടേയും പിന്തുണ കൊണ്ടാണ് തിളക്കമാർന്ന ഈ നാഴിക കല്ലിലെത്തുവാൻ സാധിച്ചതെന്ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ പോൾ ആന്റണി ഐ എ എസ് പറഞ്ഞു.

ആഗോള തലത്തിലെ മാന്ദ്യത്തിലും മികച്ച പ്രവർത്തനം അടുത്ത ധനകാര്യ വർഷവും കാഴ്ചവെക്കുവാൻ പ്രചോദനം തരുന്നുവെന്ന് ഡിപി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി അഭിപ്രായപ്പെട്ടു.