ഡി പി വേൾഡുമായി ചേർന്ന് മുളവുകാട് പഞ്ചായത്തിൽ ജനക്ഷേമ കേന്ദ്രം

Posted on: May 25, 2018

മുളവുകാട് പഞ്ചായത്ത് ഡി പി വേൾഡുമായി ചേർന്ന് പൊന്നാരിമംഗലത്ത് ആരംഭിച്ച ജനക്ഷേമ കേന്ദ്രം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, ഡി പി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി തുടങ്ങിയവർ സമീപം

കൊച്ചി : ഡി പി വേൾഡുമായി ചേർന്ന് മുളവുകാട് ഗ്രാമപഞ്ചായത്ത് സുസജ്ജമായ ജനക്ഷേമ കേന്ദ്രം തുറന്നു. സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുതിയ ജനക്ഷേമ കേന്ദ്രം നാടിനു സമർപ്പിച്ചു. പൊന്നാരിമംഗലത്ത് നിർമ്മിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ബഡ്‌സ് പരിശീലന കേന്ദ്രം, മുതിർന്ന പൗരന്മാർക്കുള്ള പകൽവീട്, പൊതുജനങ്ങൾക്കായി വായനശാല എന്നിവ പ്രവർത്തിക്കും.

മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ഡി പി വേൾഡ് കൊച്ചി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിബു കുര്യൻ ഇട്ടി, ഡിപി വേൾഡ് ഇന്ത്യ ഫിനാൻസ് ഡയറക്ടർ ദേവാംഗ് മൻകോടി എന്നിവർ സന്നിഹിതരായിരുന്നു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം സോണാ ജയരാജ്, ഇടപ്പള്ളി ബ്ലോക്ക് ക്ഷേമകാര്യ കമ്മിറ്റി അദ്ധ്യക്ഷ സെലിൻ ചാൾസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം മനോജ് കെ.ജി, മുളവുകാട് ഗ്രാമപഞ്ചായത്ത് അംഗമായ വാർഡ് മെമ്പർ ആന്റണി അനീഷ് എന്നിവർ പ്രസംഗിച്ചു.

മുളവുകാട് വെൽഫെയർ സെന്റർ യുവജനങ്ങളുടെ ശാക്തീകരണത്തിനും അതിലൂടെ പ്രദേശവാസികളായ ഇരുപതിനായിരത്തിലധികം ജനങ്ങളുടെ ജീവിത സമൃദ്ധിക്കും സഹായകമാകുമെന്ന് ഡിപി വേൾഡ് കൊച്ചി സി ഇ ഒ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ബഡ്‌സ് പുന:രധിവാസ പരിശീലന കേന്ദ്രത്തിൽ നാല് വയസ് മുതൽ ഇരുപത്തി രണ്ടു വയസുവരെ പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും ആവശ്യമായ കംപ്യൂട്ടർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ യാത്രാവശ്യത്തിന് സ്വന്തം വാഹനവും നൽകിയിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള പകൽ വീട്ടിൽ 65 മുതൽ 86 വയസ്സുവരെയുള്ളവർക്ക് ആവശ്യമായ വീൽചെയർ റാമ്പ്, മറ്റ് സംവിധാനങ്ങൾ എന്നിവ ലഭ്യമാണ്. പോഞ്ഞിക്കര റാഫി സ്മാരക ലൈബ്രറിയിൽ 5,000 ൽ അധികം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉണ്ട്. കേന്ദ്രത്തിലേക്ക് എത്തുവാനായി റോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.