ഡി പി വേള്‍ഡ് കൊച്ചിയില്‍ നിന്ന് വാന്‍ ഹായ് ലൈന്‍സ് ചൈന ഇന്ത്യ എക്‌സ്പ്രസ് മെയ്ന്‍ ലൈന്‍ കപ്പല്‍ സര്‍വ്വീസ്

Posted on: April 11, 2019

കൊച്ചി : തായ്‌വാന്‍ ആസ്ഥാനമായ വാന്‍ ഹായ് ലൈന്‍സ് ലിമിറ്റഡ് ഷിപ്പിങ്ങ് ശൃംഖല ഇന്ത്യയിലെ ഒമേഗ ഷിപ്പിങ്ങ് ഏജന്‍സീസുമായി കൈകോര്‍ത്ത് കൊച്ചിയിലെ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ നിന്ന് നേരിട്ട് കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വ്വീസ് ആരംഭിച്ചു. ചൈന ഇന്ത്യ എക്‌സ്പ്രസ് 2 എന്ന് പേരിട്ടിരിക്കുന്ന ഈ സര്‍വ്വീസിന്റെ ഉദ്ഘാടനം വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ് ടെര്‍മിനലില്‍ നടന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണ്‍ ഡോ. എം. ബീന ഐ.എ.എസ്., കസ്റ്റംസ് കമ്മീഷണര്‍, ഡി.പി. വേള്‍ഡ്, വാന്‍ ഹായ് ലൈന്‍സ്, ഒമേഗ ഷിപ്പിങ്ങ് ഏജന്‍സീസ് തുടങ്ങിയ സ്ഥാപനങ്ങളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുതിയ സര്‍വ്വീസ് പെനാംഗ്, പോര്‍ട്ട് ക്ലാംഗ്, ഹോംഗ്‌കോംഗ്, ക്വിംഗ്ഡാവോ, ഷാംഗ്ഹായ്, നിംഗ്‌ബോ, ഷെകൗ എന്നീ പ്രമുഖ തുറമുഖങ്ങളുമായി കൊച്ചിയെ നേരിട്ട് ബന്ധിപ്പിക്കും. ചരക്ക് കൃത്യസമയത്ത് കയറ്റാനും ഉപഭോക്താക്കളില്‍ എത്തിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.

രാജ്യത്തെ വളര്‍ന്നുവരുന്ന വ്യാപാര ആവശ്യങ്ങള്‍ക്ക് ഗുണകരമാകുന്ന നേരിട്ടുള്ള വിശ്വസനീയമായ ഈ സര്‍വ്വീസിലൂടെ ലോകമെമ്പാടുമുള്ള പ്രധാന കേന്ദ്രങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാന്‍ വാന്‍ ഹായ് ഷിപ്പിംഗ് ലൈനുമായുള്ള സഹകരണം ഇടയാക്കുമെന്ന് ഡി പി വേള്‍ഡ് കൊച്ചിയുടെ സി ഇ ഒ പ്രവീണ്‍ തോമസ് ജോസഫ് പറഞ്ഞു.