ജിഫ്‌സ്റ്റോറിനെ പെപ്പർടാപ്പ് ഏറ്റെടുത്തു

Posted on: January 1, 2016

Jiffstore-Team-Big

കൊച്ചി : സ്റ്റാർട്ടപ്പ് വില്ലേജിലെ രണ്ടാമത്തെ കമ്പനിയും വിജയകരമായി ഏറ്റെടുക്കപ്പെട്ടു. എം-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കമ്പനിയായ ജിഫ്‌സ്റ്റോർ സ്വന്തമാക്കിയത് ഓൺലൈൻ ഗ്രോസറി വിതരണ കമ്പനിയായ പെപ്പർടാപ്പാണ്. ഒരുലക്ഷത്തോളം രജിസ്‌റ്റേർഡ് ഉപയോക്താക്കളുള്ള ജിഫ്‌സ്റ്റോർ മൊബൈൽ ആപ്പ് വഴി ഓർഡർ
ചെയ്യുന്ന പലചരക്കുകൾ 90 മിനിട്ടിനുള്ളിൽ ഉപയോക്താവിന് എത്തിക്കുന്ന രീതിയിലാണു പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ടോപ്പ് 20 ആപ്പുകളുടെ പട്ടികയിൽ ആപ്പിൾ ആപ്പ്‌സ്റ്റോർ ജിഫ്‌സ്റ്റോർ ആപ്പിനെ തെരഞ്ഞെടുത്തിരുന്നു. 2014 ലെ ഇന്ത്യയിൽനിന്നുള്ള ഏറ്റവുംമികച്ച ആപ്ലിക്കേഷനായി ഗൂഗിൾ ഡെവലപ്പർ ഗ്രൂപ്പും ജിഫ്‌സ്റ്റോർ ആപ്പിനെ തെരഞ്ഞെടുത്തിരുന്നു. ഒക്‌ടോബർ 2013 ലാണ് ജിഫ്‌സ്റ്റോർസ്റ്റാർട്ടപ്പ് വില്ലേജിൽ പ്രവർത്തനം ആരംഭിച്ചത്. ആദ്യഘട്ടത്തിനുശേഷം ബംഗലുരുവിലേക്കു മാറിയ കമ്പനി 120 സൂപ്പർമാർക്കറ്റുകളുടെ പങ്കാളിത്തമുള്ള വിതരണശൃംഖലയായി വളർന്നു. ഷമീൽ അബ്ദുള്ള, സതീഷ് ബസവരാജ്, അശ്വിൻ രാമചന്ദ്രൻ, സന്ദീപ് ശ്രീനാഥ് എന്നിവരാണ് ജിഫ്‌സ്റ്റോറിന്റെ സ്ഥാപകർ. ജിഫ്‌സ്റ്റോറിന്റെ നാൽപ്പതംഗസംഘം ഇനി പെപ്പർടാപ്പിന്റെ ബംഗലുരു, ഗുർഗാവ് കേന്ദ്രങ്ങളിൽ പ്രവർത്തിക്കും.

യുവസംരംഭകരെ പരിശീലിപ്പിക്കാനായി ഷമീൽഅബ്ദുള്ള സ്റ്റാർട്ടപ്പ് വില്ലേജിൽ വിസിറ്റിംഗ് ഫാക്കൽറ്റിയായും സേവനം നടത്തും. ഏറ്റെടുക്കലുകൾ ആരംഭിച്ചതോടെ ഇന്ത്യയിലെ പുതുസംരംഭക സാഹചര്യം പൂർണവളർച്ചയിലേക്കു കുതിക്കുകയാണെന്നു സ്റ്റാർട്ട്അപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.