പ്രളയ ദുരിതബാധിതർക്ക് സഹായഹസ്തവുമായി സി ഐ ഐ

Posted on: September 3, 2018

കൊച്ചി : സംസ്ഥാനത്തെ പ്രളയ ദുരിതബാധിതർക്ക് സഹായവുമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സി ഐ ഐ). സർക്കാർ ചുമതലപ്പെടുത്തിയ നോഡൽ ഓഫീസർമാരുമായി സഹകരിച്ച് സി ഐ ഐ അംഗംങ്ങളായ കമ്പനികളിൽ നിന്നായി 1200 ഓളം സന്നദ്ധ സേനാംഗങ്ങളും മുന്നോറോളം യുവാക്കളും രാജ്യമെമ്പാടും നിന്നുള്ള വനിതാ നെറ്റ്വർക്ക് അംഗങ്ങളുമാണ് ദുരിതാശ്വാസ മേഖലയിൽ പ്രയത്‌നിക്കുന്നത്. ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തിര പ്രതികരണ കേന്ദ്രങ്ങൾ സി ഐ ഐ ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ഹെൽപ്ലൈൻ നമ്പറും സി ഐ ഐ ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ 21 നഗരങ്ങളിൽ ദുരിതാശ്വാസ സാമഗ്രികൾ സംഭരിക്കാനുള്ള കേന്ദ്രങ്ങളും സി ഐ ഐ തുറന്നു.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്ടു, ഇടുക്കി, കണ്ണൂർ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലായി അവശ്യ സാധനങ്ങൾ ശേഖരിക്കാനുള്ള സൗകര്യാർത്ഥം വെയർ ഹൗസുകളും സി ഐ ഐ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ദുരിതബാധിത പ്രദേശങ്ങളായ 60 ക്യാമ്പുകളിൽ ഇതിനകം തന്നെ സി ഐ ഐ സഹായഹസ്തം എത്തിച്ചു. 45 ട്രാക്കുകളിലായി അവശ്യസാധനങ്ങൾ കേരളത്തിൽ എത്തിക്കാൻ സി ഐ ഐക്ക് കഴിഞ്ഞു. കേരള മുഖ്യമന്ത്രിയുടെ അഭ്യർഥന പ്രകാരം 8560 ഗംബൂട്ടുകളും സി ഐ ഐ നൽകിയിട്ടുണ്ട്. അടിയന്തിര ആവശ്യപ്രകാരം നാല് മൊബൈൽ ടോയ്ലറ്റുകളും പതിനായിരം ജോഡി ഗ്ലൗസുകളും സി ഐ ഐ നൽകി കഴിഞ്ഞു.

നാൽപ്പത് ടൺ ഭക്ഷ്യവസ്തുക്കളും 12600 കിടക്കകൾ, 3200 വസ്ത്രങ്ങൾ, 30 പെട്ടി ടോയ്ലറ്റ് സാമഗ്രികൾ, 400 പെട്ടി മരുന്നുകൾ, 35 പെട്ടി നാപ്കിനുകൾ, ഡയപ്പറുകൾ, 22000 ക്‌ളോറിൻ ടാബ്ലറ്റുകൾ, 1740 ഉപകരണങ്ങൾ,25000 ലിറ്റർ കുടിവെള്ളം, ഒരു ടൺ ഭക്ഷ്യധാന്യങ്ങൾ, രണ്ട് ആർ ഒ പ്ലാന്റുകൾ, 32 ടൺ ബ്ലീച്ചിങ് പൗഡറുകൾ എന്നിവ ഇതിനകം സി ഐ ഐ നൽകി കഴിഞ്ഞു. ഇതിന് പുറമെ നിരവധി ആയുർവേദ, അലോപ്പതി മെഡിക്കൽ ക്യാമ്പുകളും ഇവർ സംഘടിപ്പിച്ചു. ദുരന്തം ഏറ്റവും നാശം വിതച്ച പ്രദേശങ്ങളിലെ ആറായിരത്തോളം പേർക്ക് സി ഐ ഐ വൈദ്യ സഹായം എത്തിച്ചു. സർക്കാരുമായി ചേർന്ന് ഈ പ്രദേശങ്ങളിലെ തകർന്ന വീടുകൾ പൂർവ്വസ്ഥിതിയിലാക്കാനുള്ള പ്രവർത്തനങ്ങൾക്കും സി ഐ ഐ തുടക്കം കുറിച്ചു. ഡാം, വാട്ടർ മാനേജ്മെന്റ്, ദുരന്ത നിവാരണം, മത്സ്യത്തൊഴിലാളി ശാക്തീകരണം തുടങ്ങിയ മേഖലകളിലും സി ഐ ഐ സർക്കാരുമായി സഹകരിക്കും. സി ഐ ഐ സൊറാബ്ജി ഗോദ്റെജ് ഗ്രീൻ ബിസിനസ് സെൻറർ, സി ഐ ഐ ത്രിവേണി വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട്, സി ഐ ഐ ഐ ടി സി സെൻറർ ഓഫ് എക്‌സലൻസ് ഓഫ് സസ്റ്റെയ്നബിൾ ഡെവലപ്‌മെൻറ് എന്നിവയുടെ സേവനവും കേരളത്തിനായി പ്രയോജനപ്പെടുത്തും.

നവകേരള സൃഷ്ടിക്കായുള്ള കേരളത്തിൻറെ എല്ലാ പ്രവർത്തനങ്ങളുമാണ് സി ഐ ഐ സഹകരിക്കും. പദ്ധതികൾ സമായാബന്ധിതമായി നടപ്പാക്കുന്നതിൽ പൊതു സ്വകാര്യ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളും സി ഐ ഐ നടത്തും. ടൂറിസം, കെട്ടിട പുനർനിർമാണ പദ്ധതികളുമായും സഹകരിക്കും. എല്ലാത്തരം വ്യവസാ മേഖലകളിൽ നിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷം സർക്കാരിന് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുന്നതിനൊപ്പം പുനർനിർമാണത്തിനാവശ്യമായ റിപ്പോർട്ടുകളും സി ഐ ഐ സമർപ്പിക്കും.

പറവൂർ കോട്ടയിൽ കോവിലകത്ത് ദുരിതാശ്വാസ സാമഗ്രികൾ സി ഐ ഐ മുൻ ചെയർമാനും ഈസ്‌റ്റേൺ ഗ്രൂപ്പ് ചെയർമാനുമായ നവാസ് മീരാൻ നിർവഹിച്ചു.