ശബരിമല റോഡുകൾക്ക് സമഗ്രപദ്ധതിയുമായി പൊതുമരാമത്ത്

Posted on: November 10, 2015

Sabarimala-Roads-Big

തിരുവനന്തപുരം : ശബരിമലയിലേക്കുള്ള മുഴുവൻ റോഡുകളും സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും ഹൈടെക് ആക്കുന്നതിന് സമഗ്ര പദ്ധതി ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഇതിനായുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകികഴിഞ്ഞു.

ശബരിമലയിലേയ്ക്കുള്ള 17 റോഡുകളിൽ ഇപ്പോൾ ഗ്യാരന്റിയോടെ ഹെവി മെയിന്റനൻസ് പൂർത്തിയായിട്ടുണ്ട്. മറ്റുറോഡുകളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ഉദ്യേശിക്കുന്നത്. പദ്ധതിപൂർത്തിയാകുന്നതുവരെ റോഡുകൾ അറ്റകുറ്റ പണികൾ നടത്തി പൂർണ്ണമായും ഗതാഗതയോഗ്യമാക്കും.

കോടികൾ ചെലവിട്ട് വർഷാവർഷം അറ്റകുറ്റപണികൾ നടത്തുന്നതിന് പകരം വർഷങ്ങളോളം ഈട് നിൽക്കുന്ന റോഡുകൾ നിർമ്മിക്കുന്നതിനാണ് ഗവണ്മെന്റ് ഉദ്ദേശിക്കുന്നത്. ഈവർഷത്തെ തീർത്ഥാടന സീസണിന്റെ ഭാഗത്തായി ശബരിമല റോഡുകളിലും അനുബന്ധ റോഡുകളിലും 100% കുഴിവിമുക്തമായതായി പൊതുമരാമത്ത് അറിയിച്ചു. ശബരിമല റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളും അറ്റകുറ്റപണികളും 90% പൂർത്തിയായിട്ടുണ്ട്.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലൂടെ ശബരിമലയിലേയ്ക്കുള്ള 1600 കിലോമീറ്റർ റോഡുകളുടെ പ്രവൃത്തികൾ സീസണിന് മുമ്പ് പൂർത്തിയാക്കണമെന്ന് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

പൊതുമരാമത്തിന് കീഴിലുള്ള റോഡ്‌സ്, ദേശീയപാത, കെ.എസ്.ടി.പി. എന്നീ വിഭാഗങ്ങളിലായി 682 പ്രവൃത്തികളാണ് 6 ജില്ലകളിലായി പൂർത്തയായിവരുന്നത്. ഇതിനുപുറമെ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 3 വർഷ ഗ്യാരന്റിയോടെ 76 കോടി രൂപ ചെലവിൽ ഹെവി മെയിന്റനൻസ് നടത്തുന്ന 115 കിലോമീറ്റർ റോഡുകൾ പൂർണ്ണമായും ഗതാഗതയോഗ്യമായി. ഇതിനുപുറമെ മണ്ണാറക്കുളഞ്ഞി – പമ്പാ റോഡിലും, മുണ്ടക്കയം എരുമേലി റോഡിലും ക്രാഷ് ബാരിയർ ഉൾപ്പെടെ സ്ഥാപിക്കുന്ന സുരക്ഷാജോലികളും പൂർത്തിയായി.

ദേശീയപാതയിൽ കൊല്ലം-തേനി റൂട്ടിലും പുനലൂർ മുതൽ കോട്ടവാസൽ വരെയും ട്രാഫിക് സുരക്ഷ ഉൾപ്പെടെ ഓട നിർമ്മാണം, കലുങ്ക് വീതികൂട്ടൽ, ഇന്റർലോക്കിംഗ് ടൈൽ പാകൽ, ക്രാഷ് ബാരിയർ സ്ഥാപിക്കൽ എന്നിവയുടെ ജോലികൾ പൂർത്തിയായിട്ടുണ്ട്.

കെ.എസ്.ടി.പി. റോഡുകളിൽ കഴക്കൂട്ടം – തൈക്കോട് റോഡും വെഞ്ഞാറമൂട് – ചെങ്ങന്നൂർ റോഡും അറ്റകുറ്റ പണികൾ പൂർത്തിയായി. ചെങ്ങന്നൂർ മുതൽ ചങ്ങനാശ്ശേരിവരെ ഇപ്പോൾ ഗതാഗതയോഗ്യമാണ്. കോട്ടയം മുതൽ മൂവാറ്റുപുഴ വരെയും പൊൻകുന്നം മുതൽ തൊടുപുഴ വരെയും ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ 90% കഴിഞ്ഞു.

ശബരിമല സീസൺ തുടങ്ങുന്നതിനുമുമ്പ് തന്നെ റോഡുകൾ മുഴുവൻ പൂർണ്ണമായി പണികൾ പൂർത്തിയാക്കി സുഗമഗതാഗതം സാധ്യമാക്കണമെന്നാണ് പൊതുമരാമത്ത് മന്ത്രി നിർദ്ദേശം നല്കിയിരിക്കുന്നത്. അടുത്ത സീസണിന് മുമ്പായി പുതിയ പദ്ധതി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.