റോഡ് വികസനത്തിനായി നിക്ഷേപക സംഗമം

Posted on: March 6, 2015

V.K.-Ebrahim-Kunju-bigകൊച്ചി : കേരളത്തിലെ റോഡുകളുടെ വികസനത്തിനായി പൊതു സ്വകാര്യ പങ്കാളിത്തം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സർക്കാർ കൊച്ചിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ലോകബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് ഇന്ന് രാവിലെ 10.30 ന് താജ് ഗേറ്റ് വേ ഹോട്ടലിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. ലോകബാങ്ക് പ്രതിനിധികളും വിദേശ പ്രതിനിധികളുമടക്കം നൂറോളം പേർ നിക്ഷേപക സംഗമത്തിൽ പങ്കെടുക്കും. റോഡു വികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്തം വിജയകരമാണെന്ന് തെളിഞ്ഞതോടെ സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും ഇതേ മാതൃകയിൽ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.

നിക്ഷേപക സംഗമത്തിൽ പൈലറ്റ് പദ്ധതിയായി ആറ് റോഡ് പദ്ധതികളാണ് സർക്കാർ അവതരിപ്പിക്കുന്നത്. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് പ്രൊജക്റ്റിന്റെ ഭാഗമായ 82 കിലോ മീറ്റർ ദൈർഘ്യമുള്ള പുനലൂർ പൊൻകുന്നം റോഡ് , റോഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ കീഴിലുള്ള സംസ്ഥാന റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായ രണ്ടു പാക്കേജുകളിലായി 5 റോഡ് വികസന പദ്ധതികൾ എന്നിവയാണ് നിക്ഷേപക സംഗമത്തിൽ സംസ്ഥാന സർക്കാർ അവതരിപ്പിക്കുക. ശബരിമലയുമായി ബന്ധിപ്പിക്കുന്ന പുനലൂർ പൊൻകുന്നം റോഡ് പദ്ധതിക്ക് 735 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ 235 കോടി രൂപയുടെ സംസ്ഥാന റോഡ് വികസന പദ്ധതികളും അവതരിപ്പിക്കും.

ഉത്തരകേരള പാക്കേജിൽ കാസർഗോഡ് ജില്ലയുടെ ഉൾപ്രദേശങ്ങളെ ദേശീയ പാത 17 മായി ബന്ധിപ്പിക്കുന്ന പദ്ധതിയും ദക്ഷിണ കേരള പാക്കേജിൽ തിരുവനന്തപുരം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പദ്ധതിയും നിക്ഷേപക സംഗമത്തിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.