വാതക പൈപ്പ്‌ലൈൻ അതീവ സുരക്ഷാ സംവിധാനങ്ങളോടെയെന്ന് ഗെയിൽ

Posted on: October 8, 2015

GAIL-Logo-Big

കൊച്ചി : അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് കേരളത്തെ ദേശീയ വാതക പൈപ്പ്‌ലൈൻ പദ്ധതിയുമായി ബന്ധിപ്പിക്കുന്നതെന്ന് ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് അറിയിച്ചു. ലോകത്തിലെ ഏറ്റവും സുരക്ഷിതവും പ്രകൃതിക്കിണങ്ങിയതുമായ വാതക കൈമാറ്റ സംവിധാനമാണ് പൈപ്പ്‌ലൈൻ. സംസ്ഥാനത്തിന്റെ ഊർജസ്വയംപര്യാപ്തതയ്ക്കും പാചകവാതക ക്ഷാമം പരിഹരിക്കുന്നതിനും പൈപ്പ്‌ലൈൻ പദ്ധതി യാഥാർഥ്യമാകേണ്ടത് അനിവാര്യമാണെന്നും ഗെയിൽ അധികൃതർ അറിയിച്ചു.

ഗ്യാസ് പൈപ്പ്‌ലൈൻ സുരക്ഷ അതിന്റെ രൂപകല്പനയിലും നിർമ്മാണത്തിലും പരിപാലനത്തിലും നിരന്തര നിരീക്ഷണത്തിലും ഗെയിൽ ഉറപ്പുവരുത്തുന്നുണ്ട്. രാജ്യത്ത് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ പരമാധികാരമുള്ള ചീഫ് കൺട്രോളർ വാതക പൈപ്പ്‌ലൈൻ നിർമ്മാണം നടക്കുമ്പോഴും കമ്മീഷൻ ചെയ്യുന്നതിനു മുൻപും പരിശോധന നടത്തി ക്ലിയറൻസ് നൽകിയതിനു ശേഷം മാത്രമേ വാതകം പൈപ്പിലൂടെ കടത്തിവിടുകയുള്ളൂ. കൂടാതെ ഓയിൽ ഇൻഡസ്ട്രീസ് സേഫ്ടി ബോർഡും പരിശോധന നടത്തി അനുമതി നൽകേണ്ടതുണ്ട്. സുരക്ഷയുടെ കാര്യത്തിൽ മുകളിൽ പറഞ്ഞ ക്ലിയറൻസുകൾ എല്ലാം കിട്ടിയതിനു ശേഷമേ പൈപ്പിലൂടെ വാതകം കടത്തിവിടൂ.

ഡിസൈൻ സമയത്തും കൺസ്ട്രക്ഷൻ സമയത്തും വേണ്ട സുരക്ഷാ നടപടികൾ പാലിച്ചാണ് വാതക പൈപ്പ്‌ലൈനിനുവേണ്ട കുഴലുകൾ തെരഞ്ഞെടുക്കുന്നത്. 24 മണിക്കൂറും പൈപ്പ്‌ലൈൻ സിസ്റ്റം ഓൺലൈൻ മോനിട്ടർ ചെയ്യാനുള്ള സംവിധാനവുമുണ്ട്. സദാസമയവും പൈപ്പിനകത്തേയ്ക്ക് ചെറിയ തോതിൽ വൈദ്യുതി കടത്തിവിട്ടുകൊണ്ടുള്ള ഇംപ്രെസ്ഡ് കറന്റ് കാഥോഡിക് പ്രൊട്ടക്ഷൻ എന്ന അതിനൂതനവും ചെലവേറിയതുമായ സംവിധാനവും പൈപ്പ്‌ലൈനുകളുടെ സുരക്ഷയ്ക്കായി ഗെയിൽ ഒരുക്കിയിട്ടുണ്ട്.

അതിനാൽ, എത്ര വർഷം പഴക്കമുള്ള പൈപ്പ്‌ലൈൻ ആയാലും എപ്പോൾ എടുത്തുനോക്കിയാലും അത് പുതിയതുപോലെ ഇരിക്കും. കുടിവെള്ള പൈപ്പ് ദ്രവിച്ചുപൊട്ടി വെള്ളം പാഴാകുന്നതുപോലെ വാതക പൈപ്പ്‌ലൈനിന്റെ കാര്യത്തിൽ സംഭവിക്കുകയില്ലെന്നും ഗെയിൽ അധികൃതർ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.