സ്റ്റാർട്ടപ്പ് വില്ലേജിന് നാഷണൽ അവാർഡ്

Posted on: May 11, 2015

Startup-Village-Award-may-2

ന്യൂഡൽഹി : കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിന് ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ നാഷണൽ അവാർഡ്. ഒരു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന അവാർഡ് വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർധനിൽ നിന്നും സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാറും സിഇഒ പ്രണവ് കുമാർ സുരേഷും ചേർന്ന് ഏറ്റുവാങ്ങി.

സംരംഭകർക്ക് പുതിയ കാഴ്ച്ചപ്പാടുകൾ അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. വിദ്യാർത്ഥി സംരംഭങ്ങളിലൂടെ മൊബൈൽ-ഇന്റർനെറ്റ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു. അഞ്ചു വർഷത്തിനുള്ളിൽ 1000 സംരംഭങ്ങൾ സൃഷ്ടിക്കുന്നതിന് ആന്ധ്രപ്രദേശ് സർക്കാരും സ്റ്റാർട്ടപ്പ് വില്ലേജും കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഛത്തീസ്ഗഡും മധ്യപ്രദേശും സ്റ്റാർട്ടപ്പ് വില്ലേജിന്റെ മാതൃക സ്വീകരിച്ചിട്ടുണ്ടെന്നും സഞ്ജയ് വിജയകുമാർ ചൂണ്ടിക്കാട്ടി.

എൻജിനീയറിംഗ് വിദ്യാർത്ഥികളുടെ അവസാനവർഷ പ്രോജക്ടുകളെ സ്റ്റാർട്ടപ്പുകളാക്കി മാറ്റുമെന്ന് സിഇഒ പ്രണവ് കുമാർ സുരേഷ് പറഞ്ഞു. ബംഗലുരു പോലുള്ള നഗരങ്ങളിൽ സംരംഭങ്ങൾക്ക് അനുയോജ്യമായ പിന്തുണയും മൂലധനവും ലഭ്യമാണ്. എന്നാൽ ചെറുനഗരങ്ങളിൽ സംരംഭങ്ങൾക്ക് അനുയോജന്യമായ പ്രവർത്തനാന്തരീക്ഷം ഇല്ലെന്നും പ്രണവ് വ്യക്തമാക്കി.