ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ മൈ കുടുംബശ്രീ

Posted on: August 18, 2021

തിരുവനന്തപുരം : മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് നിറവേകാന്‍ ഇപ്രാവശ്യം ‘ഓണം ഉത്സവ്’ ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലുമായി കുടുംബശ്രീ. കുടുംബശ്രീയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ www.kudumbashreebazzar.com വഴിയാണ് വിപണനം. ഇന്ന് (18-8-2021 ബുധന്‍) 12ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് ഗ്രാമവികസന വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ഇന്നു മുതല്‍ (18-8-2021) മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ വിപണന മേള വഴി ഓണസദ്യയൊരുക്കാനുള്ള പായസം മിക്‌സും ചിപ്‌സും ശര്‍ക്കരവരട്ടിയും ഉള്‍പ്പെടെ കുടുംബശ്രീയുടെ മുഴുവന്‍ ഉത്പന്നങ്ങളും വാങ്ങാനാകും. എല്ലാ ഉത്പന്നങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന പത്തു ശതമാനം ഡിസ്‌ക്കൗണ്ടും കൂടാതെ സംരംഭകര്‍ നല്‍കുന്ന ഡിസ്‌ക്കൗണ്ടു കൂടി ചേര്‍ത്ത് നാല്പത് ശതമാനം വരെ ആകര്‍ഷകമായ ഡിസ്‌ക്കൗണ്ട് നല്‍കിയാണ് വില്പന. കൂടാതെ ആയിരം രൂപയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് പത്തു ശതമാനം അധിക ഡിസ്‌ക്കൗണ്ടും ലഭ്യമാകും. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ തപാ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിക്കാനുള്ള സംവിധാനവും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്.

തനിമയും കേരളീയതയും പരിശുദ്ധിയുമുള്ള കുടുംബശ്രീയുടെ നാടന്‍ ഉത്പന്നങ്ങള്‍ ഓരോ കുടുംബത്തിലേക്കും എത്തിച്ച് കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്രാവശ്യവും ഓണ്‍ലൈന്‍ വിപണന മേള സംഘടിപ്പിക്കുന്നത്. അതോടൊപ്പം കുടുംബശ്രീ ഉ പന്നങ്ങളുടെ മെച്ചപ്പെട്ട വിപണനവും സംരംഭകര്‍ക്ക് കൂടുതല്‍ വരുമാനലബ്ധിയും ലക്ഷ്യമിടുന്നു. ആയിരത്തോളം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഒരുകുടക്കീഴില്‍ നിന്നു വാങ്ങാനുള്ള അവസരമാണ് ഇതിലൂടെ ലഭ്യമാകുക.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള സൂക്ഷ്മസംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധ തരം ചിപ്‌സുകള്‍, ശര്‍ക്കരവരട്ടി, അച്ചാറുകള്‍, ധാന്യപ്പൊടികള്‍, കറിപ്പൊടികള്‍, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്‌ക്വാഷ്, കശുവണ്ടി, വാളന്‍പുളി, സോപ്പ്, ലോഷന്‍, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതു കൂടാതെ ഇടുക്കി ജില്ലയിലെ ഗോത്രവര്‍ഗ മേഖലയിലെ സംരംഭകര്‍ തയ്യാറാക്കുന്ന കലര്‍പ്പില്ലാത്ത ബ്രാന്‍ഡഡ് ഉത്പന്നങ്ങളായ കൂവപ്പൊടി, ചെറുതേന്‍, കുടംപുളി, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ നിന്നുളള സംരംഭകര്‍ ഹില്‍വാല്യു എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് തയ്യാറാക്കുന്ന ഉ പന്നങ്ങളായ തേന്‍, റാഗി, ചോളം, തിന, വരഗ് കറുവപ്പട്ട, കുരുമുളക്, ഏലം, ഗ്രാമ്പൂ, വെളിച്ചെണ്ണ, തൃശൂര്‍ ജില്ലയിലെ അതിരപ്പളളിയില്‍ നിന്നുള്ള ബ്രാന്‍ഡഡ് ഉത്പന്നങ്ങളായ കാപ്പിപ്പൊടി, തേന്‍, വരഗ്, കൂടാതെ നെല്ലിക്കയും കാന്താരിമുളകും ചേര്‍ന്ന അച്ചാര്‍ എന്നീ ഉത്പന്നങ്ങളും സ്വന്തമാക്കാം.

ഉത്പന്നങ്ങള്‍ ആകര്‍ഷകമായ രീതിയില്‍ പായ്ക്ക് ചെയ്ത് വിപണനത്തിന് സജ്ജമാക്കുന്ന കാര്യങ്ങളിലടക്കം, സംരംഭകര്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കിയ ശേഷമാണ് ഓണം ഉത്സവ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവലുമായി കുടുംബശ്രീ എത്തുന്നത്. ലഭിക്കുന്ന ഓര്‍ഡറുകള്‍ സംരംഭകര്‍ക്ക് കൈമാറുന്നതിനും ഉത്പന്നങ്ങള്‍ യഥാസമയം ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനും സംവിധാന മൊരുക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനമൊട്ടാകെ കുടുംബശ്രീയുടെ 1040 ഓണം വിപണന മേളകളും

ഓണ വിപണി പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് കോവിഡ് കാല പ്രതിസന്ധിയെ മറികടക്കാന്‍ സംരംഭകരെ സഹായിക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ കൂടാതെ തദ്ദേശ സ്ഥാപനങ്ങളും കൃഷി വകുപ്പുമായും സഹകരിച്ചു കൊണ്ട് ഈ മാസം 16 മുതല്‍ 20 വരെ ആയിരത്തോളം ഓണം വിപണന മേളകളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍, ഗ്രീന്‍ പ്രോട്ടോകോള്‍ എന്നിവ പാലിച്ചു കൊണ്ടാണ് സി.ഡി.എസ്തലത്തിലും ജില്ലാതലത്തിലും ഓണം ഉത്പന്ന വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്. മേളകള്‍ സജ്ജീകരിക്കുന്നതിനായി നഗരസഭാ സിഡിഎസുകള്‍ക്ക് 15,000 രൂപയും ഗ്രാമ സി.ഡി.എസുകള്‍ക്ക് 12,000 രൂപയും കുടുംബശ്രീ നല്‍കിയിട്ടുണ്ട്. സൂക്ഷ്മസംരംഭരുടെ ഉത്പന്നങ്ങള്‍ക്കൊപ്പം കുടുംബശ്രീ കര്‍ഷക സംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കാര്‍ഷികോത്പന്നങ്ങളും ഓണം വിപണനമേളയിലുണ്ട്.

സപ്‌ളൈക്കോയുടെ 359 ഔട്ട്‌ലെറ്റുകള്‍, കുടുംബശ്രീയുടെ 1020 നാനോ മാര്‍ക്കറ്റുകള്‍, 11 കുടുംബശ്രീ ബസാറുകള്‍, 13 ഷോപ്പീ ഔട്ട്‌ലെറ്റുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറിലേറെ കിയോസ്‌കുകള്‍ എന്നിവ വഴിയും ഉത്പന്നങ്ങള്‍ ലഭ്യമാകും.

TAGS: Kudumbasree |