ബാംബൂ ഫെസ്റ്റ് സമാപിച്ചു

Posted on: February 26, 2021

കൊച്ചി: കേരള സ്റ്റേറ്റ് ബാംബൂ മിഷന്‍ (കെ.എസ്. ബി.എം), കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ (കെ-ബിപ്), സംസ്ഥാന വ്യവസായവകുപ്പ് എന്നിവര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി (ഫിക്കി) ചേര്‍ന്ന് സംഘടിപ്പിച്ച പതിനേഴാമത് കേരള ബാംബൂ ഫെസ്റ്റ് സമാപിച്ചു. ഇതാദ്യമായി വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലാണ് ബാംബൂ മേള സംഘടിപ്പിച്ചത്.

ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിന്‍ഡ്സ്, അടുക്കള ഉപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, ഇന്റീരിയര്‍ ഡിസൈന്‍, ബാംബൂ ഫര്‍ണിച്ചര്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, ബാംബൂ സീഡ്ലിങ്‌സ് തുടങ്ങിയ മുള ഉത്പന്നങ്ങളുമായി ഒട്ടേറെ വില്‍പനക്കാരും കരകൗശല വിദഗ്ദ്ധരും മേളയില്‍ പങ്കെടുത്തു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുള്ള ഉപഭോക്താക്കള്‍ മേളയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ചു.നിരവധി വാണിജ്യ അന്വേഷണങ്ങളാണ് മേളയില്‍ ലഭിച്ചത്. മേളയിലെ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെയും ഫിക്കി ബൈക്ക് പ്ലാറ്റ്ഫോമിലൂടെയും ബി ടു ബി കൂടികാഴ്ചകളും ഒറ്റയ്ക്കുള്ള കൂടികാഴ്ചകളും നടന്നു. ലുലു ഗ്രൂപ്പ്, ഐ.കെ.ഇ.എ, ഫ്‌ലിപ്പ്കാര്‍ട്ട്, ഇറാം ഗ്രൂപ്പ് തുടങ്ങി രാജ്യത്തെ പ്രധാന കമ്ബനികള്‍ ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുത്തു. കേരളത്തിലെ മുള ഉത്പാദകരില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാന്‍ രാജ്യത്തെ മുന്‍നിര വ്യാപാര-വാണിജ്യ കമ്പനികളും സംഘടനകളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു. മുള ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കേരളത്തിന് അകത്തും പുറത്തും നിന്നുള്ള ഉപഭോക്താക്കള്‍ക്ക് മുള ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും സംസ്ഥാന വ്യവസായ വകുപ്പും കേരള സ്റ്റേറ്റ് ബാംബൂ മിഷനും എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സൗത്ത് ഏഷ്യ ബാംബൂ ഫൗണ്ടേഷനുമായി ചേര്‍ന്ന് മുള ഉത്പാദന മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ കുറിച്ചും വിപണന സാധ്യതകളെ കുറിച്ചും സാങ്കേതിക സെഷനും സംഘടിപ്പിച്ചിരുന്നു

TAGS: Ficci |