എംഎസ്എംഇ മേഖലയ്ക്കായുള്ള വായ്പാ ആരോഗ്യ സൂചിക പുറത്തിറക്കി

Posted on: November 3, 2020

കൊച്ചി : രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുടെ വായ്പാ സ്ഥിതിഗതികള്‍ വിലയിരുത്താനായുള്ള എംഎസ്എംഇ ക്രെഡിറ്റ് ഹെല്‍ത്ത് സൂചികയ്ക്ക് തുടക്കമായി. ട്രാന്‍സ്യൂണിയന്‍ സിബിലും, സ്റ്റാറ്റിസ്റ്റിക്സ് & പദ്ധതി നടപ്പാക്കല്‍ മന്ത്രാലയവും ചേര്‍ന്നാണിതു പുറത്തിറക്കിയിരിക്കുന്നത്.

സര്‍ക്കാര്‍, നയരൂപീകരണ രംഗത്തുള്ളവര്‍, വായ്പാദാതാക്കള്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ പങ്കാളികള്‍ തുടങ്ങിയവര്‍ക്ക് വിശ്വസനീയമായ കൃത്യമായ വിവരങ്ങള്‍ നല്‍കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്ക് വായ്പ നല്‍കുന്നത് കൃത്യമായ ആസൂത്രണം ചെയ്യാനും അതിനായുളള തന്ത്രങ്ങളും മാറ്റങ്ങളും വരുത്താനും സൂചിക സഹായിക്കും. 2018 മാര്‍ച്ച് മുതല്‍ 2020 ജൂണ്‍ വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സൂചികയുടെ ആദ്യ പതിപ്പ്.

ദേശീയ തലത്തില്‍ ലഭ്യമായ ഈ സൂചിക ഘട്ടംഘട്ടമായി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയുമായി ബന്ധപ്പെട്ട നയങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കാനും കൃത്യമായ ഇടപെടലുകള്‍ നടത്താനും ആവശ്യമായ വിവരങ്ങള്‍ നല്‍കുന്ന പുതിയൊരു സ്രോതസാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് & പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം സെക്രട്ടറി ഡോ. ഛത്രപതി ശിവജി ചൂണ്ടിക്കാട്ടി.