മഹാമാരിക്കു ശേഷം ബിസിനസ് നിലനില്‍ക്കാന്‍ സുഗമമായ ഡിജിറ്റല്‍ ഇടപാടുകള്‍ അനിവാര്യം

Posted on: October 29, 2020

കൊച്ചി :  മഹാമാരിക്കു ശേഷമുള്ള കാലത്ത് ബിസിനസ് നിലനില്‍ക്കാന്‍ മല്‍സര ക്ഷമത മാത്രം പോരെന്നും സുഗമമായ ഡിജിറ്റല്‍ ഇടപാടുകളും അത്യാവശ്യമാണെന്നും ട്രാന്‍സ്യൂണിയന്റെ സാമ്പത്തിക ഇന്റലിജന്‍സ് വിഭാഗം നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ദേശിയ തലത്തിലെ ഡിജിറ്റല്‍ ഐഡി ഉള്ളത് താഴ്ന്ന വരുമാനക്കാരെ നേരത്തെ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഉപഭോക്തൃ സേവനങ്ങള്‍ തേടാന്‍ സഹായിക്കുന്നു എന്ന് ഈ പഠനത്തില്‍ ഇന്ത്യയില്‍ നിന്നു പ്രതികരിച്ച 93 ശതമാനം പേരും അഭിപ്രായപ്പെട്ടു. ആഗോള തലത്തില്‍ സര്‍വ്വേയില്‍ പങ്കെടുത്ത 85 ശതമാനം പേരാണ് ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്.

മഹാമാരിയെ തുടര്‍ന്ന് തങ്ങളുടെ സ്ഥാപനം ഡിജിറ്റല്‍ ഇടപാടിലേക്കു മാറിയെന്ന് ആഗോള തലത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേരും ചൂണ്ടിക്കാട്ടിയെന്ന് ട്രാന്‍സ്യൂണിയന്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷലീന്‍ ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. വിശ്വാസ്യതയോടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിലുള്ള തടസങ്ങള്‍ മാറ്റാനായില്ലെങ്കില്‍ ഈ ഡിജിറ്റല്‍ പുരോഗതി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളെ തിരിച്ചറിയുന്നതില്‍ ബയോമെട്രിക് രീതികളാവും ഇനി കൂടുതലായി പ്രയോജനപ്പെടുത്തുക എന്നും തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും നിര്‍മിത ബുദ്ധി വന്‍തോതില്‍ പ്രയോജനപ്പെടുത്തുമെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ വിപുലമായി ചൂണ്ടിക്കാട്ടി.