മുതലമട മാമ്പഴം റെഡി ; കര്‍ഷകരെ സഹായിക്കാന്‍ ഇസാഫ്

Posted on: April 23, 2020

മണ്ണുത്തി : കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ഡൗണില്‍ കുടുങ്ങി മാമ്പഴ കര്‍ഷകര്‍. മാങ്ങ വിളവെടുക്കാന്‍ ആളെ കിട്ടാനില്ല. വിളവെടുത്തവയ്ക്കാകട്ടെ വിപണിയുമില്ല. ലോഡുകണക്കിനു മാങ്ങ വിദേശങ്ങളിലേക്കുവരെ കയറ്റി അയച്ചിരുന്നതാണ്. മാങ്ങ വിവിധ ജില്ലകളിലെ വിപണികളിലേക്കു കയറ്റി അയയ്ക്കാന്‍ വാഹന സൗകര്യവും ഇല്ല. ഇതോടെ മാങ്ങ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി. വിളവെടുത്തു കൊല്ലംതോറും ഉണ്ടാകുന്ന ഏക വരുമാനമാണ് ഇതോടെ കര്‍ഷകര്‍ക്ക് ഇല്ലാതായത്. മാന്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത കര്‍ഷകരും കച്ചവടക്കാരും മാങ്ങയ്ക്കു വിപണി ഇല്ലാതായതോടെ കുടുങ്ങി.

സംസ്ഥാനത്തെ ഏറ്റവും വലിയ മാമ്പഴ കൃഷി മേഖലയായ പാലക്കാട് ജില്ലയിലെ മുതലമടയിലെ നൂറുകണക്കിനു മാമ്പഴ കര്‍ഷകരാണ് വിപണിയും വരുമാനവുമില്ലാതെ പ്രതിസന്ധിയിലായത്. നൂറു ദിവസം നിത്യേന 100 ടണ്‍ മാമ്പഴം മുതലമടയില്‍ നിന്ന് ഉത്തരേന്ത്യന്‍ വിപണികളിലേക്ക് അയയ്ക്കാറുണ്ട്.

പഴുപ്പിക്കാനും മനോഹരമായ മഞ്ഞ നിറമുണ്ടാക്കാനും പ്രയോഗിക്കുന്ന കാര്‍ബൈഡ് എന്ന രാസവസ്തു ഇല്ലാതെ സ്വാഭാവിക രീതിയിലൂടെയാണു മുതലമടയിലെ കര്‍ഷകര്‍ മാമ്പഴം പഴുപ്പിക്കുന്നത്. മധുരമുള്ളതും വലിപ്പമുള്ളതുമായി വിവിധയിനം മാങ്ങ ഇവിടെനിന്നു വിപണിയിലെത്താറുണ്ട്. വിപണി തകര്‍ന്നു പ്രതിസന്ധിയിലായ കര്‍ഷകരില്‍ നിന്ന് മാങ്ങ സംഭരിക്കാന്‍ ഇസാഫ് രംഗത്തിറങ്ങി. 20 ടണ്ണോളം മാമ്പഴം ഇസാഫ് സ്വാശ്രയ പ്രാഡ്യൂസര്‍ കമ്പനി സംഭരിച്ചു. തൃശൂര്‍, പാലക്കാട്, എറമാകുളം, ജില്ലകളിലെ വിവിധ വില്‍പന കേന്ദ്രങ്ങളിലൂടെയും ഓണ്‍ലൈന്‍ വിപണിയിലൂടെയും വില്‍ക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ അലോ തോമസ് പോള്‍ അറിയിച്ചു.

അല്‍ഫോന്‍സ, സിന്ദൂരം, കിളിമൂക്ക്, മൂവാണ്ടന്‍, കാലാപാടി, ഹിമ പസന്ത് തുടങ്ങിയ മുന്തിയ ഇനം മാമ്പഴങ്ങളാണു സംഭരിക്കുന്നത്. 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് സര്‍വീസ് ചാര്‍ജ് ഇല്ലാതെ മാമ്പഴം വീടുകളില്‍ എത്തിക്കുന്നു. ഫോണ്‍ : 9072060033.

TAGS: ESAF |