കൊറോണ : മെഡിയോര്‍ ആശുപത്രി വിട്ടുകൊടുത്ത് ഡോ. ഷംസീര്‍ വയലില്‍

Posted on: March 28, 2020

ന്യൂഡല്‍ഹി : കൊറോണ ചികിത്സയ്ക്ക് സ്വന്തം ആശുപത്രി സര്‍ക്കാരിനുവിട്ടുകൊടുക്കാമെന്ന വാഗ്ദാനവുമായി പ്രവാസിമലയാളി. ഡല്‍ഹിക്കുസമീപം ഗുരുഗ്രാമലെ മേസറിലുള്ള മെഡോയോര്‍ ആശുപത്രി കൊറോണ പ്രതിരോധത്തിനായി നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ അറിയിച്ചതായി ഉടമയായ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു. അഞ്ഞൂറു പേരെ കിടത്തിച്ചികിത്സിക്കാന്‍ സൗകര്യമുള്ളതാണ് ഈ ആസ്പത്രി.

ഗള്‍ഫിലെ പ്രമുഖ ആരോഗ്യസംരംഭകര്‍കൂടിയാണ് ഷംസീറിന്റെ നേതൃത്വത്തിലുള്ള വി. പി. എസ്. ഹെല്‍ത്ത് കെയര്‍. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നതായി ഷംസീര്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുതനെ അറിയിച്ചു. കൊറോണ വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെട്ട കര്‍മസേനയ്ക്കും ആശുപത്രി രൂപം നല്‍കി.

വി. പി. എസ്. ഹെല്‍ത്ത് കെയറിനുകീഴിലുള്ള മെഡിയോര്‍ ഹോസ്പ്പിറ്റലിന് ഡല്‍ഹിയുള്‍പ്പെട്ട ദേശീയ തലസ്ഥാനമേഖലയില്‍ മൂന്ന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍, പള്‍മണോളജി വിഭാഗങ്ങള്‍, ഐസൊലേഷന്‍ റൂമുകള്‍, വെന്റിലേറ്ററുകള്‍, മറ്റ് അടിയന്തരസേവനങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതാണ് മനേസറിലെ മെഡിയോര്‍ ഹോസ്പിറ്റല്‍. ഡോ. ഷംസീറിന്റെ വാഗ്ദാനത്തെത്തുടര്‍ന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണെന്ന് മെഡിയോര്‍ ആശുപത്രി സി. ഒ.ഒ. നിഹാജ് ജി. മുഹമ്മദ് പറഞ്ഞു.

അനുമതി ലഭിക്കുന്നതോടെ സര്‍ക്കാര്‍ ആശുപത്രികള്‍ പിന്തുടരു്‌നന മാര്‍ഗരേഖയനുസരിച്ച് മെഡിയോര്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തിക്കും.

കേരളത്തില്‍ നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായ സഹായങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് നല്‍കിയിരുന്നു.