വൈദ്യ സഹായം തേടുന്നവര്‍ക്ക് മുഴുവന്‍ സമയ ഉപദേശവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കോവിഡ് 19 സപ്പോര്‍ട്ട് സെന്റര്‍

Posted on: March 21, 2020

കൊച്ചി: കൊറേണ വൈറസ് (കോവിഡ് 19) പടരുന്ന പശ്ചാത്തലത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ആസ്റ്റര്‍ വോളണ്ടിയേഴ്‌സും ചേര്‍ന്ന് രാജ്യ വ്യാപകമായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 സപ്പോര്‍ട്ട് സെന്ററിന് തുടക്കം കുറിച്ചു. അഞ്ചു സംസ്ഥാനങ്ങളിലായുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ 13 ആശുപത്രികളിലൂടെ സൗജന്യ ടെലി കൗണ്‍സിലിങ്ങാണ് ഇതിനായി നല്‍കുക. ഇന്റേണല്‍ മെഡിസിന്‍, അടിയന്തര വിഭാഗങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരായിരിക്കും ഈ ഹെല്‍പ് ലൈന്‍ ഓപ്പറേറ്റു ചെയ്യുക.

നോവല്‍ കൊറോണ സംബന്ധിച്ച ലക്ഷണങ്ങള്‍ സംശയിക്കുന്ന ഇന്ത്യയിലെമ്പാടുമുള്ളവര്‍ക്ക് സ്ഥിതിഗതികള്‍ സംബന്ധിച്ച വിശകലനവും ചികില്‍സ സംബന്ധിച്ച കൃത്യമായ മാര്‍ഗ നിര്‍ദ്ദേശവും ഇതിലൂടെ ലഭിക്കും. ഇന്ത്യയിലെ 13 ആസ്റ്റര്‍ ആശുപത്രികളിലേതിന്റെയെങ്കിലും വെബ്‌സൈറ്റു വഴിയോ ഫെയ്‌സ്ബുക്ക് പേജു വഴിയോ ജനങ്ങള്‍ക്ക് ഇതിനായി രജിസ്റ്റര്‍ ചെയ്യാം. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ആശുപത്രികള്‍, ബെംഗലൂരുവിലെ ആസ്റ്റര്‍ സിഎംഐ, ആര്‍വി ആശുപത്രികള്‍, കോല്‍ഹാപൂരിലെ ആസ്റ്റര്‍ ആധാര്‍ ആശുപത്രി, ഹൈദരാബാദിലെ ആസ്റ്റര്‍ പ്രൈം ആശുപത്രി, ആന്ധ്രാ പ്രദേശിലെ ആര്‍വി ആശുപത്രികള്‍ എന്നിവയുടെ സൈറ്റുകളിലും ഫെയ്‌സ് ബുക്ക് പേജുകളിലുമാണ് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം. കോവിഡ്-19 മായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, പ്രാദേശിക അധികൃതരുടെ അംഗീകാരം എന്നിവ അനുസരിച്ചുള്ള മെഡിക്കല്‍ രീതികളാവും വീഡിയോ കോളിലൂടെ പിന്തുടരുക.

കൊറോണ വൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ എല്ലാവിധത്തിലും ജനങ്ങളെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം വിദഗ്ദ്ധ ഉപദേശം ലഭിക്കുവാനും ഇതു സഹായിക്കും. രോഗം നേരത്തെ തന്നെ കണ്ടെത്തി യുക്തമായ ചികില്‍സ നല്‍കാന്‍ ആസ്റ്റര്‍ കോവിഡ് സപ്പോര്‍ട്ട് സെന്റര്‍ പോലുള്ള ടെലികൗണ്‍സിലിങ് സംവിധാനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവരെ ബന്ധപ്പെടുവാനാണ് ഈ ഓണ്‍ലൈന്‍ പിന്തുണാ കേന്ദ്രത്തിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ തങ്ങളുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എപ്പോഴും ലഭ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.