തൃശൂരില്‍ ലുലുമാള്‍ ഉള്‍പ്പെടെ 245 കോടി നിക്ഷേപം നടത്തുമെന്ന് എം. എ യൂസഫലി

Posted on: December 31, 2019

തൃശ്ശൂര്‍ : ലുലുമാള്‍ ഉള്‍പ്പെടെ തൃശൂരില്‍ 245 കോടി നിക്ഷേപം നടത്തുമെന്ന് എം. എ യൂസഫലി. മള്‍ട്ടിനാഷണല്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഹയാത്ത് കേരളത്തില്‍ ലുലു ഗ്രൂപ്പുമായി സഹകരിച്ച് നിര്‍മിച്ച രണ്ടാമത്തെ ഹയാത്ത് റീജന്‍സി ഹോട്ടല്‍ ജനുവരി നാലിന് ഉദ്ഘാടനം ചെയ്യും.

തൃശൂര്‍ പുഴയ്ക്കുല്‍പ്പാടത്താണ് 245 കോടി മുതല്‍ മുടക്കി 11 നിലകളുള്ള ഹയാത്ത് ഹയാത്ത് റീജന്‍സി പഞ്ചനക്ഷത്ര ഹോട്ടല്‍ പണിതിരിക്കുന്നത്. നാലിന് 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോട്ടല്‍ നാടിന് സമര്‍പ്പിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. റീജന്‍സി ബാള്‍റൂമിന്റെ ഉദ്ഘാടനം മന്ത്രി വി എസ് സുനില്‍ കുമാറും റീഗല്‍ ബാള്‍റൂമിന്റെ ഉദ്ഘാടനം മന്ത്രി എ. സി. മൊയ്തീനും റീജന്‍സി കഫെയുടെ ഉദ്ഘാടനം ടി. എന്‍. പ്രതാപന്‍ എം. പി.യും നിര്‍വഹിക്കും. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പുതുക്കിപ്പണിത് ഹയാത്ത് റീജന്‍സി ഹോട്ടലുമായി ബന്ധപ്പെടുത്തും. ലുലു സെന്ററിനോട് ചേര്‍ന്ന് പുതിയ മാള്‍ നിര്‍മിക്കും. ജൂലൈ മാസത്തിനകം മാളിന്റെ നിര്‍മാണം ആരംഭിക്കും.

ലോക നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന ഗസ്റ്റ് റൂമുകള്‍, ലോകത്തിന്റെ രുചിഭേദങ്ങള്‍ അവതരിപ്പിക്കുന്ന റെസ്റ്റോറന്റുകള്‍, സിമ്മിംഗ് പൂള്‍ അടക്കമുള്ള റിക്രിയേഷന്‍ സൗകര്യങ്ങള്‍ ഏഴ് കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെലിപാഡ് തുടങ്ങിയവ ഹോട്ടലിലുണ്ട്. ലോബിയോട് ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റീജന്‍സി കഫെ റസ്റ്റോറന്റും ന്യൂഗാ പാസ്ട്രി ഷോപ്പും ഉണ്ട്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫലി, ലുലു ഇന്ത്യ ഡയറക്ടര്‍ എം. എ നിഷാദ്, ഹയാത്ത് റീജന്‍സി ജനറല്‍ മാനേജര്‍ നിനമേഷ,് തുടങ്ങിയവരും പങ്കെടുത്തു.

TAGS: M.A Yusafali |