വണ്ടര്‍ല 500 കോടിയുടെ വികസനത്തിന്

Posted on: November 14, 2019

കൊച്ചി : അമ്യൂസ്‌മെന്റ് പാര്‍ക്ക് കമ്പനിയായ വണ്ടര്‍ലാ ഹോളിഡേയ്‌സ് ഏതാണ്ട് 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ചെന്നൈയില്‍ 365 കോടി രൂപ മുതല്‍ മുടക്കിലും ഒഡീഷയിലെ ഭുവനേശ്വറില്‍ 120 കോടി രൂപ മുതല്‍ മുടക്കിലും പുതിയ പാര്‍ക്ക് സ്ഥാപിക്കും. ഇരു പാര്‍ക്കുകള്‍ക്കും അതത് സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് നല്‍കുമെന്ന് വണ്ടര്‍ലാ സ്ഥാപനും എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.

ചെന്നൈയില്‍ ഒ. എം. ആര്‍. റോഡില്‍ കേളമ്പാക്കത്തിനു സമീപം ഏതാണ്ട് 60 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ഒഡീഷ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് ഭുവനേശ്വറില്‍ പാര്‍ക്ക് സ്ഥാപിക്കുന്നത്. 99 വര്‍ഷത്തെ പാട്ടത്തിനാണ് ഭൂമി എടുക്കുക. നികുതി ഇളവിനു പുറമെ, സബ്‌സിഡി ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളും ഒഡീഷ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവടങ്ങളിലാണ് വണ്ടര്‍ലായുടെ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ബെംഗളൂരുവില്‍ റിസോര്‍ട്ടുമുണ്ട്. ടൈം ഷെയറിംഗ് രംഗത്തേക്ക് ചുവടുവെയ്ക്കുന്നതിന്റെ ഭാഗമായി വണ്ടര്‍ ക്ലബ്ബ് എന്ന പേരില്‍ മെമ്പര്‍ഷിപ്പ് കാര്‍ഡും കമ്പനി അവതരിപ്പിച്ചു.

പാര്‍ക്കുകളിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് എന്‍ട്രി, നക്ഷത്ര ഹോട്ടലുകളിലെ താമസം എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതിയെന്ന് വണ്ടര്‍ലാ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് അറിയിച്ചു. മൂന്നു വര്‍ഷം കാലാവധിയുള്ള ഗോള്‍ഡ് കാര്‍ഡ്, ആറു വര്‍ഷം കാലാവധിയുള്ള ഡയമണ്ട് കാര്‍ഡ് എന്നിവയാണുള്ളത്.
വണ്ടര്‍ലാ കൊച്ചിയിലെ വെര്‍ഷ്വല്‍ റിയാലിറ്റി കോസ്റ്റര്‍, ഫ്യൂഷന്‍ സ്ലൈഡ്, നെറ്റ് വാക്ക് എന്നീ മൂന്നു പുതിയ റൈഡുകള്‍ കൊച്ചൗസേപ്പ് ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പാര്‍ക്കുകളിലെ മുന്തിയ സുരക്ഷ ഉറപ്പുവരുത്താന്‍ ടി.യു.വി. എന്ന അന്താരാഷ്ട്ര ഏജന്‍സിയെ ചുമതലപ്പെടുത്തി.

TAGS: Wonderla |