പൊതുമേഖലാ ബാങ്കുകളില്‍ ഇനി ഇടപാടുകള്‍ 10 മുതല്‍ നാലുവരെ

Posted on: October 1, 2019

തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ പ്രവൃത്തിസമയം ഏകീകരിച്ചു. ചൊവ്വാഴ്ച മുതല്‍ എല്ലാ ബാങ്കുകളും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ ഇടപാടുകള്‍ നടക്കും. ഇതുവരെ ചില ബാങ്കുകള്‍ മൂന്നരവരെ മാത്രമേ ഇടപാടുകള്‍ നടത്തിയിരുന്നുള്ളൂ. ഉച്ചയ്ക്ക് രണ്ടു മുതല്‍ രണ്ടരവരെ ഉച്ചഭക്ഷണത്തിനുള്ള ഒഴിവു സമയമാണ്.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് സമയക്രമം തീരുമാനിച്ചത്. സ്വകാര്യ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല.

ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മൂന്നു വിധത്തിലുള്ള പ്രവൃത്തിസമയമാണ് നിര്‍ദേശിച്ചത്. രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെ, പത്തുമുതല്‍ നാലുവരെ, 11 മുതല്‍ അഞ്ചുവരെ എന്നിങ്ങനെ. ഇതില്‍ സംസ്ഥാനങ്ങള്‍ യുക്തമായത് തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ ബാങ്കുകള്‍ ഇതില്‍ പത്തു മുതല്‍ നാലുവരെയുള്ള സമയം സ്വീകരിച്ചു.

TAGS: Bank |