ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആദ്യ ബാച്ചിന് ബിരുദദാനം നടത്തി

Posted on: January 8, 2019

കൊച്ചി : രാജ്യത്തിന്റെ പൈതൃക വാസ്തുവിദ്യ സംരക്ഷിക്കാൻ പുതു തലമുറ ആർക്കിടെക്റ്റ് വിദ്യാർത്ഥികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ആറൻമുളയിലെ പൈതൃക ഗ്രാമ സംരക്ഷണം ഈ മേഖലയിലുള്ള മാതൃകാ പദ്ധതിയാണ്. ആർക്കിടെക്റ്റുകൾ പരിസ്ഥിതിയെ അനുദിനം വീക്ഷിച്ചുകൊണ്ട് നവമായ മാറ്റങ്ങൾ വാസ്തു വിദ്യാരംഗത്ത് വരുത്തേണ്ടതുണ്ടെന്നും കുമ്മനം പറഞ്ഞു.
ഏഷ്യൻ സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചർ ആന്റ് ഡിസൈൻ ഇന്നോവേഷൻസിന്റെ (ആസാദി) പ്രഥമ ബാച്ചിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ആശംസ അറിയിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർപേഴ്സൺ ചന്ദ്രിക ദേവി, അംബാസഡർ ടി.പി. ശ്രീനിവാസൻ, എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ, ആസാദി ചെയർമാൻ ആർക്കിടെക്റ്റ് ബി.ആർ.അജിത്ത്, പ്രിൻസിപ്പാൾ ആർക്കിടെക്റ്റ് പ്രഫ. ജയിംസ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ ബാച്ചിലെ 10 കുട്ടികൾക്ക് ആണ് ബിരുദദാനം നടത്തിയത്.