പ്രളയദുരിതം : കാരുണ്യത്തിന്റെ കൈയ്യൊപ്പുമായി ഹോളണ്ട് സ്വദേശികൾ

Posted on: August 21, 2018

പാലാ : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടിനു സഹായ ഹസ്തവുമായി ഹോളണ്ട് സ്വദേശികൾ. പാലായിലെ ശാന്തിയോഗ സെന്ററിലെ യോഗാ വിദ്യാർത്ഥികളായ മോനിക് വെനീന, മാർലി വോ ഡി ഗോംറ്റ്‌റ് എന്നിവരാണ് ദുരിതബാധിതരെ സഹായിക്കാനായി രംഗത്തിറങ്ങിയത്.

ഒരു മാസം മുമ്പാണ് ഹോളണ്ടിൽ നിന്നും യോഗാ പഠനത്തിനായി പാലായിൽ എത്തിയത്. പാലായിലുണ്ടായ പ്രളയം നേരിൽ കാണുകയും മാധ്യമങ്ങളിലൂടെ ദുരന്തത്തിന്റെ വ്യാപ്തി മനസിലാക്കുകയും ചെയ്ത ഇവർ സഹായഹസ്തവുമായി രംഗത്തു വരികയായിരുന്നു. ശാന്തി യോഗാ സെന്റർ ഡയറക്ടർ അഭിലാഷ് ഗിരീഷിനോട് അവർ ഇക്കാര്യം സൂചിപ്പിച്ചു. തുടർന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഒരു ലക്ഷത്തിൽപ്പരം രൂപയുടെ അവശ്യവസ്തുക്കൾ എത്തിച്ചു നൽകുകയായിരുന്നു.

പുതപ്പ്, നൈറ്റി, മുണ്ട്, തോർത്ത്, അടിവസ്ത്രങ്ങൾ, പായ, സോപ്പ്, ബ്രഷ്, പേസ്റ്റ്, കുപ്പിവെള്ളം, പാവാട, സാനിറ്ററി നാപ്കിൻ, സോപ്പുപൊടി, ബ്ലീച്ചിംഗ് പൗഡർ തുടങ്ങിയ സാധനങ്ങളാണ് ദുരിത കേന്ദ്രങ്ങളിൽ എത്തിക്കാനായി ഇവർ കൈമാറിയത്. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ്, ഉപദേശകസമിതി അംഗം കൂടിയായ പാലാ എസ്.ഐ. ഷാജി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് സഹായം ഏറ്റുവാങ്ങി. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ശാന്തി യോഗ സെന്റർ ഡയറക്ടർ അഭിലാഷ് ഗിരീഷ്, കെ. പി. മോഹൻദാസ്, നിതീഷ്, ജിയോ വർഗീസ്, ടോണി വേലംപറമ്പിൽ, രാജേഷ് കൈമൾ, അർജുൻ പാലത്തുങ്കൽ, വി.ടി. വിദ്യാധരൻ, റോയി ബുക്ക് മീഡിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹോളണ്ടിലെ സുഹൃത്തുക്കളിൽ നിന്നും കൂടുതൽ സഹായം ശേഖരിച്ചു കേരളത്തിലെത്തിക്കുമെന്ന് മോനികും മാർലിയും പറഞ്ഞു. ലഭ്യമായ വസ്തുക്കൾ കോട്ടയം, ഇടുക്കി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.