എം എ യൂസഫലി ഗൾഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരൻ

Posted on: October 4, 2017

അബുദാബി : ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള 50 ഇന്ത്യക്കാരുടെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ഒന്നാമത്. യുഎഇയിലെ അറേബ്യൻ ബിസിനസ് മാസിക പ്രസിദ്ധീകരിച്ച ലിസ്റ്റിൽ തുടർച്ചയായി എട്ടാം തവണയാണ് യൂസഫലി ഒന്നാമതെത്തുന്നത്.

ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയ്ൽ വ്യാപാരമേഖലയിലെ ശക്തമായ സാന്നിധ്യവുമാണ് യൂസഫലിയെ ലിസ്റ്റിൽ തുടർച്ചയായി ഒന്നാമതെത്തിക്കുന്നത്. 44,800 കോടി രൂപ വിറ്റുവരവുള്ള ലുലുഗ്രൂപ്പിന് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലുമായി 138 റീട്ടെയ്ൽ സ്ഥാപനങ്ങളുണ്ട്. ദുബായ് ആസ്ഥാനമായുള്ള സ്റ്റാലിയോൺ ഗ്രൂപ്പ് ചെയർമാൻ സുനിൽ വാസ്വാനി, ഫൈവ് ഹോൾഡിംഗ്‌സ് ഗ്രൂപ്പ് ചെയർമാൻ കബീർ മുൽചന്ദാനി എന്നിവർ ലിസ്റ്റിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

വി.പി.എസ്. ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംസീർ വയലിൽ, എൻഎംസി ഹെൽത്ത് സിഇഒ പ്രശാന്ത് മങ്ങാട്ട്, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ്, ആസ്റ്റർ ഗ്രൂപ്പ് ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, മലബാർ ഗ്രൂപ്പ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക് ടർ ഷംലാൽ അഹമ്മദ്, യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട്, ജെംസ് ഗ്രൂപ്പ് ചെയർമാൻ സണ്ണി വർക്കി, കെഫ് ഹോൾഡിംഗ്‌സ് ചെയർമാൻ ഫൈസൽ കൊട്ടിക്കോളൻ, ശോഭ ഗ്രൂപ്പ് ചെയർമാൻ പിഎൻസി മേനോൻ, ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, ജോയ് ആലുക്കാസ്, സുനിൽ ജോൺ, മുഹമ്മദ് ജാഫർ മുസ്തഫ എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് മലയാളികൾ.