പ്രകടനം മെച്ചപ്പെടുത്തി ന്യു ഇന്ത്യ അഷൂറന്‍സ്

Posted on: November 17, 2022

കൊച്ചി : നടപ്പുസാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യു ഇന്ത്യ അഷൂറന്‍സ്. 15 ശതമാനം വളര്‍ച്ചയാണ് നഷ്ടപരിഹാരത്തില്‍ ഉണ്ടായത്. കമ്പനിയുടെ മൊത്തം പ്രീമിയം സെപ്റ്റംബറില്‍ അവസാനിച്ച ആറ് മാസ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 1.90 ശതമാനം വര്‍ധിച്ചു. കമ്പനിയുടെ സോള്‍വന്‍സി മാര്‍ജിന്‍ 1.77 ആയി മെച്ചപ്പെട്ടിട്ടുണ്ട്.

സംയോജിത റേഷ്യോ 120.66 ശതമാനത്തില്‍ നിന്ന് 117.06 ശതമാനമായി മെച്ചപ്പെട്ടു. ശമ്പള പരിഷ്‌കരണവും വേതന കുടിശ്ശികയും അടക്കം 2,600 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായിട്ടും കമ്പനിക്ക് ലാഭം രേഖപ്പെടുത്താനായി.

കമ്പനി ലാഭക്ഷമതയോടെ തുടര്‍ച്ചയായ വളര്‍ച്ചയുടെ പാത പിന്തുടരുകയാണെന്നും ലാഭകരമല്ലാത്ത ചില ബിസിനസ് ഉപേക്ഷിക്കുന്നതിലേക്ക് ഇത് നയിച്ചതായും ന്യു ഇന്ത്യ അഷൂറന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നീരജ കപൂര്‍ പറഞ്ഞു. താഴെത്തട്ടില്‍ നിന്നും പ്രകടനം മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങളിലായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.