ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതികള്‍ക്ക് നികുതിയിളവ് പരിഗണിക്കണം: ഉപരാഷ്ട്രപതി

Posted on: November 10, 2020

കൊച്ചി :പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും ഗ്രീന്‍ ബില്‍ഡിംഗ് പദ്ധതികള്‍ക്ക് നികുതിയിളവ് നല്‍കുന്നത് സര്‍ക്കാരുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിഗണിക്കണമെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. സി.ഐ.ഐ യും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ്് കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിച്ച പതിനെട്ടാമത് ഗ്രീന്‍ ബില്‍ഡിംഗ്് കോണ്‍ഗ്രസ് വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ പരിരക്ഷ, ലോജിസ്റ്റിക്സ് പാര്‍ക്സ് & വെയര്‍ഹൗസസ്, നെറ്റ് സീറോ വാട്ടര്‍ എന്നീ മേഖലകള്‍ക്കായുള്ള മൂന്ന് പുതിയ ഐ.ജി.ബി.സി ഗ്രീന്‍ റേറ്റിംഗ് സംവിധാനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ഐ.ജി.ബി.സി കോഫി ടേബിള്‍ ബുക്ക് നാലാം വാല്യം അദ്ദേഹം പ്രകാശനം ചെയ്തു. 54 രാജ്യങ്ങളില്‍ നിന്നായി 4200 പ്രതിനിധികള്‍ പങ്കെടുത്ത ത്രിദിന രാജ്യാന്തര ഗ്രീന്‍ ബില്‍ഡിംഗ് കാണ്‍ഗ്രസില്‍ ഗ്രീന്‍ ബില്‍റ്റ് എന്വയോണ്മെന്റുമായി ബന്ധപ്പെട്ട 23 വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന മുപ്പത് ദിവസം നീളുന്ന ഗ്രീന്‍ ബില്‍ഡിംഗ്് എക്സ്പോ നവംബര്‍ 27 വരെ തുടരും. ഗ്രീന്‍ ബില്‍ഡിംഗ്് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണെന്ന് ഐ ജി ബി സി കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ്. ബി.ആര്‍. അജിത് സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഹരിത പദ്ധതികള്‍ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ ബോധവാന്മാരെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നൂറ്റി നാല്‍പ്പതിലേറെ ഐ.ജി.ബി.സി ഗ്രീന്‍ ബില്‍ഡിങ്ങ് പദ്ധതികളാണ് കേരളത്തിലുള്ളത്.

ഐ.ജി.ബി.സി കൊച്ചിന്‍ ചാപ്റ്റര്‍ കോ ചെയര്‍മാന്മാരായ എസ്. ലവ കൃഷ്ണ, ആര്‍ക്കിടെക്റ്റ്. മാത്യു ജോസഫ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.