തുറമുഖങ്ങളിൽ ഇനി മെയ്ഡ് ഇൻ ഇന്ത്യ ടഗ് ബോട്ടുകൾ

Posted on: September 7, 2020

കൊച്ചി: രാജ്യത്തെ കപ്പല്‍ നിര്‍മാണ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാന്‍ എല്ലാ പ്രധാന തുറമുഖങ്ങളിലും ഇന്ത്യയില്‍ നിര്‍മിക്കുന്ന ടഗ് ബോട്ടുകള്‍ വാങ്ങാനോ, ചാര്‍ട്ടര്‍ ചെയ്യാനോ നിര്‍ദേശിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം.

ആത്മ നിര്‍ഭര്‍ ഭാരതില്‍നിന്ന് ആത്മനിര്‍ ഭര്‍ ഷിപ്പിംഗിലേക്കുള്ള ചുവടുവയ്പാണിതെന്ന് ഷിപ്പിംഗ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പഴയ കപ്പല്‍ശാലകള്‍ പുനരുജ്ജീവിപ്പിക്കാനും ഇന്ത്യയില്‍ കപ്പല്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാനുമായി സര്‍ക്കാര്‍ 360 ഡിഗി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ചില രാജ്യങ്ങളുമായി മെയ്ക്ക് ഇന്‍ ഇന്ത്യ കപ്പല്‍ നിര്‍മാണത്തിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ കപ്പല്‍ നിര്‍മാണം, കപ്പല്‍ നന്നാക്കല്‍ , കപ്പല്‍ പുനരുപയോഗം, ഫ്‌ളാഗിംഗ് എന്നിവയ്ക്കായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മാണ്ഡവ്യ വ്യക്തമാക്കി.

ഇന്ത്യന്‍ പോര്‍ട്ട്‌സ് അസോസിയേഷന്‍ മാനേജിംഗ് ഡയറക്ടറുടെ കീഴില്‍ കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് (സിഎസ്എല്‍ ), ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എസ്തസിഐ), ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്(ഐആര്‍എസ്), ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് എന്നിവരടങ്ങുന്ന ഒരുസ്റ്റാന്‍ഡിംഗ് സ്‌പെസിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.