അർധ അതിവേഗ റെയിൽപാതയ്ക്ക് വാണിജ്യ,വ്യാപാര മേഖലയുടെ പിന്തുണ

Posted on: September 8, 2019

അർധ അതിവേഗ റെയിൽപാതയെക്കുറിച്ച് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്‌സും ചേർന്ന് സംഘടിപ്പിച്ച സമ്മേളനത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ് സംസാരിക്കുന്നു. ആർക്കിടെക്ട് എൻ മഹേഷ്, നഗരവികസന പദ്ധതി സ്‌പെഷൽ ഓഫീസർ ടി ബാലകൃഷ്ണൻ, ചേംബർ പ്രസിഡൻറ് എസ്.എൻ. രഘുചന്ദ്രൻ നായർ, പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമല വർധന റാവു, കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ എംഡി വി. അജിത് കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം : കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ തിരുവനന്തപുരത്തു നിന്ന് കാസർഗോഡു വരെ നിർമിക്കുന്ന നിർദ്ദിഷ്ട അർധ അതിവേഗ റെയിൽ പദ്ധതിക്ക് വാണിജ്യ, വ്യവസായ മേഖല എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ട്രിവാൻഡ്രം അജൻഡ ടാസ്‌ക് ഫോഴ്‌സ് എന്നിവ ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ ചീഫ് സെക്രട്ടറി ടോം ജോസ് പദ്ധതി 2024 ൽ തന്നെ പൂർത്തിയാക്കുന്ന തരത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് അറിയിച്ചു.

സിൽവർ ലൈൻ എന്ന് താൽക്കാലിക പേരു നൽകിയിരിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ റോഡുകൾക്ക് താങ്ങാനാവാത്ത ഗതാഗത വർധന ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഗതാഗതം ഒരു ദേശത്തിൻറെ ഭാവിയെ എങ്ങനെ നിർണയിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ എല്ലായിടത്തും നടക്കുകയാണ്. 2008 ൽ കേരളത്തിൽ ആസൂത്രണം ചെയ്ത ദേശീയ പാതയിൽ ഒരു ഇഞ്ചു പോലും 11 വർഷത്തിനിടെ കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടില്ല. ഗതാഗത ബന്ധം ഇന്ന് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്. അതുകൊണ്ടുതന്നെ അർധ അതിവേഗ പാത കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

നാലു വരി റോഡ് നിർമിക്കാൻ വേണ്ട സ്ഥലത്തിൻറെ പകുതി മാത്രമേ അതിവേഗ പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുന്നുള്ളുവെന്ന് പദ്ധതി അവതരിപ്പിച്ചുകൊണ്ട് കെആർഡിസിഎൽ മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു. സ്ഥലം നൽകുന്നവർക്ക് ആകർഷകമായ നഷ്ടപരിഹാരമാണ് നൽകുന്നത്. റെയിൽപാതയ്‌ക്കൊപ്പം തന്നെ സർവീസ് റോഡുകളും നിർമിക്കുന്നതുകൊണ്ട് ഈ റോഡുമായി ബന്ധിപ്പിക്കപ്പെടുന്ന സ്ഥലത്തിന് മൂല്യം വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും അരലക്ഷം തൊഴിലവസരങ്ങളാണ് പാതനിർമാണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് അജിത് കുമാർ ചൂണ്ടിക്കാട്ടി. നിർമാണം പൂർത്തിയാകുമ്പോൾ പതിനൊന്നായിരത്തിലേറെ പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കും. സാമ്പത്തിക, വ്യവസായ വളർച്ചയിലൂടെ സംസ്ഥാനത്തിൻറെ പുരോഗതിയെ പാത ഉത്തേജിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിവേഗ ട്രെയിനുകൾക്ക് ഓരോ കിലോമീറ്ററിനും അഞ്ചു രൂപയോളം യാത്രാചെലവു വരുമ്പോൾ അർധ അതിവേഗ ട്രെയിനുകൾക്ക് 2.75 രൂപ മാത്രമാണ് ചെലവ്. കേരളത്തിലെ ഏത് രാജ്യാന്തര വിമാനത്താവളത്തിലും രണ്ടു മണിക്കൂറിനുള്ളിൽ എത്തിച്ചേരാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം നഗര വികസന പദ്ധതി രണ്ടാംഘട്ടത്തിലെ വളർച്ചാ ഇടനാഴിയെക്കുറിച്ച് പദ്ധതി സ്‌പെഷൽ ഓഫീസർ ടി. ബാലകൃഷ്ണനും കേരളത്തിലെ ദേശീയപാതാ വികസനം എന്ന വിഷയത്തിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമല വർധന റാവുവും അവതരണം നടത്തി. ആർക്കിടെക്ട് എൻ. മഹേഷ് മോഡറേറ്ററായിരുന്നു. ടിസിസിഐ പ്രസിഡൻറ് എസ്.എൻ. രഘുചന്ദ്രൻ നായർ സ്വാഗതവും സെക്രട്ടറി ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.