സിൽവർ ലൈൻ : ആകാശ സർവെ പൂർത്തിയായി

Posted on: January 5, 2020

തിരുവനന്തപുരം : കേരളത്തിന്റെ അർധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിന്റെ അലൈൻമെൻറ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി നടത്തിയ ആകാശ സർവെ വിജയകരമായി പൂർത്തിയാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച സർവെ ആദ്യ ദിനം കണ്ണൂർ മുതൽ കാസർകോടു വരെയായിരുന്നു. ഇന്നലെ തിരുവനന്തപുരത്താണ് സർവെ പൂർത്തിയായത്. സിൽവർ ലൈൻ ദൈർഘ്യമായ 531.45 കിലോമീറ്റർ സർവെ ചെയ്യുന്നതിന് പാർട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ ലൈഡാർ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷൻ പ്രദേശങ്ങളും സർവെ ചെയ്തു. അഞ്ചു മുതൽ പത്തു സെൻറീമീറ്റർ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷനു (കെ-റെയിൽ) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സർവെ നടത്തിയത്. നിർദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ലൈഡാർ സർവെയും ജിയോനോ തന്നെയാണ് നടത്തിയത്.

സർവെ വിവരങ്ങൾ സർവെ ഓഫ് ഇന്ത്യയടക്കമുള്ള ഏജൻസികളും സർക്കാർ വകുപ്പുകളും ചേർന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകൾ ഒഴിവാക്കിയ ശേഷമാണ് റിപ്പോർട്ട് തയാറാക്കുന്നത്. തുടർന്ന് വിശദമായ പദ്ധതി റിപ്പോർട്ടി (ഡിപിആർ) നുവേണ്ടിയുള്ള അലൈൻമെൻറ് നിർണയിക്കും. സർവെ കൃത്യമായി പൂർത്തിയാക്കിയ സ്ഥിതിക്ക് ഡിപിആറും ലൊക്കേഷൻ സർവെയും വളരെ വേഗം തയാറാക്കി പണി തുടങ്ങാൻ കഴിയുമെന്ന് കെആർഡിസിൽ എംഡി വി. അജിത് കുമാർ അറിയിച്ചു.

കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയിൽ. തിരുവനന്തപുരം മുതൽ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റർ ഇപ്പോഴത്തെ റെയിൽപാതയിൽ നിന്നു മാറിയും തൃശൂരിൽ നിന്ന് കാസർകോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സിൽവർ ലൈനിന്റെ അലൈൻമെൻറ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈൻ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സിൽവർ ലൈനിനുണ്ട്. 200 കിലോമീറ്റർ വേഗത്തിൽ സിൽവർ ലൈനിലൂടെ വണ്ടിയോടും.

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ ലൈഡാർ സർവെ വഴി ലഭ്യമായിട്ടുണ്ട്. കാട്, നദികൾ, റോഡുകൾ, നീർത്തടങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ, പൈതൃകമേഖലകൾ എന്നിവയും കൃത്യമായി നിർണയിച്ചിട്ടുണ്ട്. ഇതിനായി ഉയർന്ന റെസൊല്യൂഷൻ ഉള്ള ക്യാമറയാണ് ലൈഡാർ യൂണിറ്റിൽ ഉപയോഗിച്ചത്.

രണ്ട് ലൈനുകൾക്കുള്ള സ്ഥലം മാത്രമാണ് സിൽവർ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളിൽ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.