അസെൻഡ് കേരള-2020 ൽ സിൽവർ ലൈൻ അവതരിപ്പിക്കും

Posted on: January 8, 2020

കൊച്ചി : അർദ്ധ അതിവേഗ റെയിൽപാതയായ സിൽവർ ലൈനിനെക്കുറിച്ചുള്ള അവതരണം ബോൾഗാട്ടി ലുലു കൺവെൻഷൻ സെൻററിൽ ആരംഭിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെൻഡ് കേരള-2020 ൽ നടക്കും.

അസെൻഡിലെത്തുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നായ സിൽവർ ലൈനിൻറെ അവതരണം കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ (കെആർഡിസിഎൽ) മാനേജിംഗ് ഡയറക്ടർ വി. അജിത് കുമാർ നിർവഹിക്കും. കേരളത്തിൽ നിക്ഷേപം നടത്താൻ താല്പര്യമുള്ളവർക്ക് ഏറ്റവുമധികം അവസരങ്ങൾ നല്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. സംസ്ഥാന സർക്കാരും റെയിൽ മന്ത്രാലയവും ചേർന്നാണ് കെആർഡിസിഎൽ എന്ന കമ്പനിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പദ്ധതിക്ക് റെയിൽ മന്ത്രാലയവും തത്വത്തിൽ അനുമതി നൽകയിട്ടുണ്ട്.

പദ്ധതിയുടെ വിവിധ ഘടകങ്ങളിൽ മികച്ച നിക്ഷേപസാധ്യതകളാണ് സിൽവർ ലൈൻ വാഗ്ദാനം ചെയ്യുന്നത്. റെയിൽവെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് അനുബന്ധ മേഖലകളിലുണ്ടാകുന്ന വികസനം (ട്രാൻസിറ്റ് ഓറിയൻറഡ് ഡെവലപ്‌മെൻറ്), സിവിൽ-ഇലക്ട്രിക്കൽ മേഖലകളിൽ 38,000 കോടി രൂപയുടെ എൻജിനീയറിങ്-പ്രൊക്യുർമെൻറ്-കൺസ്ട്രക്ഷൻ ജോലികൾ, റെയിൽ കോച്ചുകളുടെ നിർമാണവും പ്രവർത്തനവും, അതിവേഗ ചരക്കുവണ്ടികളുടെ സപ്ലൈയും പ്രവർത്തനവും, ടൂറിസ്റ്റ് ട്രെയിനുകൾ, 300 വാട്ട് വൈദ്യുതി ഉല്പാദനം, വൈദ്യുതി സംഭരണ സംവിധാനം എന്നിങ്ങനെ തുടങ്ങി പദ്ധതിയിൽ നേരിട്ടുള്ള നിക്ഷേപം വരെ ആകാം.

ലുലു കൺവെൻഷൻ സെൻററിലെ വേമ്പനാട് ഹാളിൽ നാലു മണിക്ക് യാത്രാവികസനവും വൈദ്യുതി വാഹനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിലാണ് അവതരണം. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനാണ് വിവിധ മേഖലയിലെ വിദഗ്ധർ പങ്കെടുക്കുന്ന ചർച്ചയ്ക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാന ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ ചർച്ച ഉപസംഹരിക്കും.