സ്‌പേസ് പാര്‍ക്ക് പദ്ധതിക്കായി സര്‍ക്കാരിന്റെ ഡിസൈന്‍ ചാലഞ്ച്

Posted on: August 28, 2019

തിരുവനന്തപുരം : ബഹിരാകാശ സാങ്കേതികവിദ്യയില്‍ വിദ്യാഭ്യാസം, ഗവേഷണം, വ്യവസായം എന്നീ മേഖലകളില്‍ ഏറെ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് മികച്ച രൂപകല്‍പ്പന തേടി സംസ്ഥാന സര്‍ക്കാര്‍ ഡിസൈന്‍ ചാലഞ്ച് മത്സരം സംഘടിപ്പിക്കുന്നു.

പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ വിഭാവനം ചെയ്യുന്ന സ്‌പേസ് പാര്‍ക്കിനുള്ളിലെ കെട്ടിടങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത നിലവാരമുള്ള ഡിസൈനുകള്‍ക്കു വേണ്ടിയാണ് മത്സരം.

ഡിസി ബുക്ക്‌സ് ഓഗസ്റ്റ് 29 മുതല്‍ 31 വരെ സംഘടിപ്പിക്കുന്ന കേരള ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലായ സ്‌പേസസി നോടനുബന്ധിച്ച് നടക്കുന്ന ഡിസൈന്‍ ചാലഞ്ച് ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും.

രാജ്യത്തുടനീളമുള്ള വാസ്തുശില്‍പികളും ഡിസൈനര്‍മാരും സ്‌പേസസ്-ല്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് ചാലഞ്ചിന്റെ ഭാഗമാകാം. ഓഗസ്റ്റ് 31നു മുമ്പാണ് പാര്‍ക്ക് ടീമിന് ഡിസൈന്‍ സമര്‍പ്പിക്കേണ്ടത്.

തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈനുകള്‍ സമര്‍പ്പിക്കുന്നവരെ വിശദമായ പദ്ധതിയുടെ രൂപകല്‍പ്പനയില്‍ പങ്കെടുപ്പിക്കും. വിശദവിവരങ്ങള്‍ http://www.keralaarchitecturefestival.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.