രക്ഷപ്പെടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ്; മരണത്തിനു വിട്ടുകൊടുക്കില്ലെന്ന് മാതാപിതാക്കള്‍; ഒപ്പം നിന്ന് ആസ്റ്റര്‍ മെഡ്സിറ്റി

Posted on: April 30, 2024


കൊച്ചി : ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ മറ്റ് വഴികളില്ലെങ്കില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. കോതമംഗലം സ്വദേശികളായ ദമ്പതിമാരോടും കോതമംഗലത്തെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഗര്‍ഭം അലസിപ്പിക്കാന്‍ തന്നെയാണ് നിര്‍ദേശിച്ചത്. ജനിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ ശ്വാസമെടുക്കാന്‍ അനുവദിക്കാത്തത്രയും വലിപ്പമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ രൂപപ്പെട്ട മുഴയായിരുന്നു കാരണം. എന്നാല്‍ ആറ്റുനോറ്റുകാത്തിരുന്ന പൊന്നോമനയെ വിധിക്ക് വിട്ടുകൊടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. അപകടസാധ്യതകള്‍ അനവധിയുണ്ടെങ്കിലും സാധ്യമായ എല്ലാ വഴികളും പരീക്ഷിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള അവരുടെ തീവ്രമായ ആഗ്രഹത്തിനുള്ള പിന്തുണ അവര്‍ക്ക് കിട്ടിയത് കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ്. അവിടെയാണ് ജനിച്ച് ഒരുവര്‍ഷത്തിന് ശേഷം ആ ആണ്‍കുഞ്ഞ് ആദ്യമായി ശബ്ദമുയര്‍ത്തി കരഞ്ഞത്.

ഗര്‍ഭിണികളില്‍ നടത്താറുള്ള ചെക്കപ്പുകളില്‍ ഒന്നിലാണ് ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന്റെ ശ്വാസനാളിയില്‍ മുഴ കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സിസ്റ്റിക് ഹൈഗ്രോമ എന്ന അവസ്ഥയാണ് കുഞ്ഞിനുള്ളതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഭ്രൂണചികിത്സയില്‍ കണ്‍സള്‍ട്ടന്റായ ഡോ. സിന്ധു പുതുക്കുടി നടത്തിയ പരിശോധനകളില്‍ തിരിച്ചറിഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തുമ്പോള്‍ നാലര സെന്റിമീറ്ററായിരുന്നു മുഴയുടെ വലിപ്പം. മാസങ്ങള്‍ കടന്നുപോയതോടെ തൊണ്ടയിലെ മുഴയും വലുതായിക്കൊണ്ടിരുന്നു. ഇനിയും മുഴ വലുതായാല്‍ അപകടമാണെന്ന ഘട്ടമെത്തിയതോടെ ഡോക്ടര്‍മാര്‍ക്ക് നിര്‍ണായക തീരുമാനമെടുക്കേണ്ടിവന്നു.

ആദ്യം, പ്രസവസമയത്ത് കുഞ്ഞിന്റെ ശ്വാസനാളിയില്‍ തടസങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. ഈ സമയം അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ തന്നെ സൂക്ഷിക്കുകയും വേണം. എന്നാല്‍ മാത്രമേ കുഞ്ഞിനാവശ്യമുള്ള ഓക്‌സിജന്‍ കിട്ടുകയുള്ളു. എവിടെയെങ്കിലും പാളിച്ചയുണ്ടായാല്‍ പ്രാണവായു കിട്ടാതെ കുഞ്ഞിന്റെ അവസ്ഥ അപകടത്തിലാകും. അതിനായി തീര്‍ത്തും അസാധാരണമായ ഒരു പോംവഴിയാണ് അവര്‍ കണ്ടെത്തിയത്. സിസേറിയന്‍ സമയത്ത് കുഞ്ഞിന്റെ തല മാത്രം പുറത്തെടുത്ത് പ്രാണവായു കിട്ടുന്നതിനാവശ്യമായ ട്യൂബുകള്‍ ഘടിപ്പിച്ച ശേഷം മാത്രം കുഞ്ഞിനെ പുറത്തെടുക്കുക. ശേഷം ഉടന്‍ കുഞ്ഞിനെ ഇന്‍ക്യൂബേറ്റ് ചെയ്യുക. ഇതായിരുന്നു പദ്ധതി. എക്‌സിറ്റ് (ex utero intrapartum treatment procedure) എന്നറിയപ്പെടുന്ന ചികിത്സാക്രമമാണിത്. സാധാരണഗതിയില്‍ ശ്വാസതടസമുള്ള കുഞ്ഞുങ്ങളെ പൂര്‍ണമായും പുറത്തെത്തിച്ച ശേഷം പ്രാണവായു നല്‍കാനായി പുറമെ നിന്ന് കുഴല്‍ഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യാറ്. എന്നാല്‍ ആ മാര്‍ഗം ഇവിടെ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലെ മുഴയുടെ വലിപ്പം കാരണം ഒട്ടുംതന്നെ ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ്. അമ്മയുടെ ശരീരത്തിന്റെ പിന്തുണയില്ലാതെ ഒരു നിമിഷം പോലും കുഞ്ഞിന് ജീവിച്ചിരിക്കാന്‍ കഴിയുമായിരുന്നില്ല.

അങ്ങനെ 2023 മാര്‍ച്ച് ഏഴിന് അസാധാരണമായ മാര്‍ഗത്തിലൂടെ ഡോക്ടര്‍മാര്‍ ചികിത്സാപ്രക്രിയ നടത്തി. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗൈനക്കോളജി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സറീന എ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം ഏറ്റെടുത്തത്. മുന്‍തീരുമാനിച്ച പ്രകാരം അമ്മയുടെ വയറില്‍ മുറിവുണ്ടാക്കി കുഞ്ഞിന്റെ തല മാത്രം ആദ്യം പുറത്തെടുത്തു. അതുകഴിഞ്ഞുള്ള ഓരോ നിമിഷവും വളരെ പ്രധാനമായിരുന്നു. കുഞ്ഞിന്റെ ഓക്‌സിജന്‍ നില നിരന്തരം പരിശോധിക്കാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ സ്ഥാപിച്ചു. എന്നാല്‍ ഇത്രയും വലിയ മുഴയ്ക്കുള്ളില്‍ കുഞ്ഞിന്റെ ശ്വാസനാളി എവിടെയെന്ന് കണ്ടെത്താന്‍ ഏറെ പ്രയാസപ്പെട്ടു. മുഴ വളര്‍ന്ന് കുഞ്ഞിന്റെ വായ വരെ എത്തിയിരുന്നു. അതിനാല്‍ നേരത്തെ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഇന്‍ക്യൂബേഷനും. ഏതാണ്ട് 14 മിനിറ്റ് വേണ്ടിവന്നു കുഞ്ഞിന്റെ ശ്വാസനാളി കണ്ടെത്താന്‍. പിന്നീടുള്ള അവശേഷിക്കുന്ന ഘട്ടങ്ങള്‍ അനസ്‌തേഷ്യോളജി, തീവ്രപരിചരണ വിഭാഗങ്ങളിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുരേഷ് ജി. നായരും, ഡോ. ജ്യോതി ലക്ഷ്മി നായരും, ഡോ. കവിതാ സദനും ചേര്‍ന്ന് പൂര്‍ത്തിയാക്കി. കുഞ്ഞിന്റെ സ്വരനാളിയിലൂടെ ഒരു ട്യൂബ് ശ്വാസനാളിയിലേക്ക് കടത്തിവിട്ട് പ്രാണവായു നല്‍കി. അതിവേഗത്തില്‍ ഇന്‍ക്യൂബേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞിനെ പൂര്‍ണമായും പുറത്തെടുക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.അ ങ്ങനെ പ്രസവം വിജയകരമായി പൂര്‍ത്തിയായി.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കഴുത്തിലെ മുഴ കഴിയാവുന്നത്രയും നീക്കം ചെയ്യാനായി പ്രത്യേക ശസ്ത്രക്രിയ നടത്തി. പീഡിയാട്രിക് സര്‍ജറി ആന്‍ഡ് യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. അശോക് റിജ്വനിയും ഡോ. കിരണ്‍ വി.ആറുമാണ് ഈ പ്രക്രിയ നടത്തിയത്. പിന്നീട് ദീര്‍ഘകാലം ട്യൂബിലൂടെ ഓക്‌സിജന്‍ നല്‍കുന്നതിനായി ഇ.എന്‍.ടി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രവീണ്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഇലക്ടിവ് ട്രക്കിയോസ്റ്റമിയും നടത്തി. മുന്നോട്ടുള്ള നീണ്ടചികിത്സാകാലയളവില്‍ കുഞ്ഞിനാവശ്യമായ ഓക്‌സിജന്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഈ നടപടികള്‍ ഏറെ നിര്‍ണായകമായിരുന്നു. കഴുത്തിലെ മുഴ ക്രമേണ നീക്കുന്നതിനായി പലതവണ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു.

മുഴയുടെ വലിപ്പം ചുരുക്കുന്നതിനും മുഴയിലേക്കുള്ള രക്തക്കുഴലുകള്‍ മരവിപ്പിക്കുന്നതിനുമുള്ള ചികിത്സകള്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. രോഹിത് നായര്‍ , ഡോ. അര്‍ജുന്‍ എസ് എന്നിവരുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു.

വ്യത്യസ്ത വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ കഠിനാധ്വാനവും വൈദഗ്ധ്യവും പരിചയസമ്പത്തുമാണ് ജീവിതത്തിലേക്കുള്ള കുഞ്ഞിന്റെ യാത്രയ്ക്ക് കരുത്തേകിയത്. അത്ഭുതമെന്ന വാക്കില്‍ കവിഞ്ഞതൊന്നും ഈ അസാധാരണ നേട്ടത്തെ വിശേഷിപ്പിക്കാനില്ലെന്ന് ആസ്റ്റര്‍ ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2024 ജനുവരി 1ന് കുഞ്ഞിന്റെ ശ്വാസനാളിയില്‍ രണ്ടാംഘട്ട സര്‍ജറി നടത്തി. ശ്വാസനാളി കൂടുതല്‍ വിശാലമാക്കാനായിരുന്നു ശ്രമം. നാലാംഘട്ട പരിശോധനയില്‍ കുഞ്ഞിനാവശ്യമായ പ്രാണവായു സ്വയം വലിച്ചെടുക്കാന്‍ ശ്വാസനാളി പര്യാപ്തമായിക്കഴിഞ്ഞതായി ഡോക്ടര്‍മാര്‍ വിലയിരുത്തി. അങ്ങനെ അമ്മയുടെ മടിയില്‍ കുഞ്ഞ് ഉണര്‍ന്നിരിക്കെ തന്നെ, വായില്‍ നിന്നും കുഴലുകള്‍ നീക്കം ചെയ്തു.

 

TAGS: Aster Medcity |