വൃക്കകളെ സൂക്ഷിക്കാം കരുതലോടെ

Posted on: March 15, 2024

ഒരു മനുഷ്യന് സുഖകരമായി ജീവിച്ചിരിക്കാന്‍, ആരോഗ്യമുള്ള വൃക്കകള്‍ കൂടിയേ തീരു. വൃക്കകള്‍ക്ക് കാര്യമായ എന്തെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍ ഉടനെ തന്നെ ഡയാലിസിസോ വൃക്കമാറ്റിവെക്കലോ ചെയ്യേണ്ടത് അനിവാര്യമാണ്.

വൃക്കമാറ്റിവെക്കേണ്ടത് എപ്പോള്‍?

രണ്ടു വൃക്കകളെയും രോഗം ബാധിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ ആ രോഗിയുടെ വൃക്കകളുടെ 85% പ്രവര്‍ത്തനവും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നിലച്ചിരിക്കുന്നു എന്നാണ്. ആ രോഗിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ വൃക്കമാറ്റിവെക്കലാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

വൃക്കരോഗങ്ങള്‍ ഉണ്ടാകുന്നതിന് പലവിധ കാരണങ്ങള്‍ ഉണ്ട്. കുട്ടികളില്‍ പാരമ്പര്യമായോ ജന്മനാ ഉണ്ടാകുന്ന പ്രശ്‌നങ്ങളാലോ ആണ് വൃക്കരോഗം കൂടുതലായി കാണപ്പെടുന്നത്. മുതിര്‍ന്നവരില്‍ പ്രമേഹം, രക്താതിസമ്മര്‍ദം, വൃക്കയിലെ കല്ലുകള്‍, അണുബാധ, പാടകെട്ടല്‍, വൃക്കകള്‍ക്കുള്ളിലെ ചെറിയ അരിപ്പകളെ ബാധിക്കുന്ന ഒരുകൂട്ടം അസുഖങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ഗുരുതരമായ അവസാനഘട്ട വൃക്കരോഗങ്ങള്‍ ഉണ്ടാകാറുണ്ട്.

ആരുടെ വൃക്കകളാണ് സ്വീകരിക്കാവുന്നത്?

ജീവിച്ചിരിക്കുന്ന ദാതാക്കളില്‍ നിന്നും മരിച്ചുപോയവരില്‍ നിന്നും വൃക്കകള്‍ സ്വീകരിക്കാം. പക്ഷെ നിര്‍ഭാഗ്യവശാല്‍, നമ്മുടെ സംസ്ഥാനത്ത് മരണാനന്തരം വൃക്കകള്‍ ദാനം ചെയ്യുന്നവരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെ കുറവാണ്. 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്വമേധയാ വൃക്ക ദാനം ചെയ്യാവുന്നതാണ്. ആരോഗ്യമുണ്ടെങ്കില്‍ 65 വയസ്സ് പിന്നിട്ടവര്‍ക്കും ദാതാവാകാം. മാതാപിതാക്കള്‍, മുത്തച്ഛനും മുത്തശ്ശിയും, സഹോദരങ്ങള്‍, മക്കള്‍, ജീവിതപങ്കാളി എന്നിവരാണ് നിയമാനുസൃത ദാതാക്കളുടെ പരിധിയില്‍ വരുന്ന ബന്ധുക്കള്‍.

വൃക്ക ദിനത്തിലെ നടപടിക്രമങ്ങള്‍ എന്തെല്ലാം?

ഒരു ദാതാവിനെ കണ്ടെത്തിക്കഴിഞ്ഞാല്‍ അയാളുടെ മെഡിക്കല്‍ ഫിറ്റ്‌നസ് പരിശോധിക്കുന്ന ഘട്ടമാണ് ആദ്യത്തേത്. ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും രക്തഗ്രൂപ്പും കോശഘടനയും യോജിക്കുന്നതാണോയെന്ന് നോക്കും. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് രോഗിയുടെ ശരീരം തയാറാണോ എന്ന് കണ്ടെത്തുന്നതിനുള്ള ടെസ്റ്റുകളും നടത്തും.

ഇന്ന്, ദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും രക്തഗ്രൂപ്പ് ഒന്നല്ലെങ്കില്‍ പോലും വൃക്ക മാറ്റിവെക്കാന്‍ കഴിയും. സര്‍ജറിക്ക് മുന്‍പ് അതിന് പ്രത്യേക ചികിത്സ ആവശ്യമാണ്. റോബോട്ടിക്ക് ശസ്ത്രക്രിയ ഉപയോഗിച്ചുള്ള വൃക്കമാറ്റിവെക്കലാണ് മറ്റൊരു പുതിയ സാങ്കേതികവിദ്യ. ഓപ്പണ്‍ സര്‍ജറിയെക്കാള്‍ പലകാര്യങ്ങളിലും മികച്ചതാണ് റോബോട്ടിക്ക് വൃക്ക മാറ്റിവെക്കല്‍.

റോബോട്ടിക് വൃക്ക മാറ്റിവെക്കല്‍.

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഏറ്റവും നൂതനമായ കാല്‍വെപ്പാണു റോബോട്ട് ഉപയോഗിച്ചുള്ള വൃക്ക മാറ്റിവെയ്ക്കല്‍. ശസ്ത്രക്രിയാവിദഗ്ദ്ധന്‍ ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ നൂതന റോബോട്ടിക് മെഷിന്റെ കൈകളെ നിയന്ത്രിച്ച് ശസ്ത്രക്രിയ ചെയ്യുന്നു. വളരെ ചെറിയ മുറിവിലൂടെയാണിത് ചെയ്യുന്നത്. വയറ്റിനകത്തുള്ള അവയവങ്ങളെല്ലാം ഒരു ക്യാമറയുടെ സഹായത്തോടെ വിപുലീകരിച്ച് ശസ്ത്രക്രിയാ വിദഗ്ദ്ധനു കാണുവാനുള്ള സൗകര്യമുണ്ട്. ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ റോബോട്ടിന്റെ കൈകളിലൂടെ പ്രവര്‍ത്തിപ്പിയ്ക്കുന്നു. ചെറിയ രക്തകുഴലുകളെല്ലാം വലുതായി കാണുകയും, അതിനാല്‍ രക്തസ്രാവമുണ്ടാകുന്നതു ഒഴിവാക്കുവാനും സാധിക്കുന്നു. പ്രവര്‍ത്തിപ്പിക്കുന്ന ഡോക്ടറുടെ കൈകളില്‍ വിറയല്‍ ഉണ്ടായാലും അത് റോബോട്ടിന്റെ കൈകളെ ബാധിക്കുകയില്ല. മാത്രമല്ല, വളരെ കൃത്യതയോടെയും സുക്ഷ്മതയോടെയും മുറിയ്ക്കുവാനും രക്തകുഴലുകള്‍ തമ്മില്‍ തുന്നി ചേര്‍ക്കുവാനും കഴിയുന്നു.

റോബോട്ട് ഉപയോഗിച്ചുള്ള ശസ്ത്രക്രിയയുടെ ഗുണമേന്മകള്‍ താഴെ പറയുന്നവയാണ്:

1. ചെറിയ മുറിവിലൂടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തുവാന്‍ കഴിയുന്നു.

2. രക്തസ്രാവം വളരെ കുറയുന്നു.

3. രോഗിക്കു വേദനയും അണുബാധയും ആശുപത്രിവാസവും കുറയുന്നു.

4. വയറിനകത്തുള്ള അവയവങ്ങളും രക്ത കുഴലുകളും വലുതായി കാണുവാന്‍ ശസ്ത്രക്രിയാവിദഗ്ദ്ധനു കഴിയുന്നു.

5. മുറിവും തുന്നലും വളരെ കൃത്യവും സൂക്ഷ്മവുമാകുന്നു.

6. ശസ്ത്രക്രിയാ വിദഗ്ദ്ധന് ഇരിപ്പടത്തില്‍ ഇരുന്നു കൈ വിറയല്‍ കുടാതെ ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നു. വളരെ സങ്കീര്‍ണ്ണമായ കുടുതല്‍ സമയമെടുക്കുന്ന ശസ്ത്രക്രിയകള്‍ ചെയ്യുമ്പോള്‍ ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ക്ഷീണിതനാവാതിരിക്കുവാന്‍ ഇതു ഉപകരിക്കുന്നു.

സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ വച്ചുപിടിപ്പിച്ച വൃക്ക മറ്റൊരാളുടേതായതിനാല്‍ ശരീരം അതിനെതിരെ പ്രവര്‍ത്തിച്ചു എന്നുവരാം. ഈ നിരാകരണം തടയാനും സ്വീകരിച്ച വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടാതെയിരിക്കാനും രോഗി ഡോക്ടര്‍ നല്‍കുന്ന മരുന്നുകള്‍ കഴിക്കണം. ആ കിഡ്നി പ്രവര്‍ത്തിക്കുന്നിടത്തോളം കാലം മരുന്നുകള്‍ തുടരണം. മരുന്ന് മുടങ്ങിയാല്‍ ശരീരം മാറ്റിവെച്ച കിഡ്‌നിയെ ഉപയോഗിക്കാതെ നിരാകരിക്കും.

വൃക്കരോഗങ്ങള്‍ വരാതെ നോക്കുന്നതാണ് അവ മാറ്റിവെക്കുന്നതിനേക്കാള്‍ നല്ലത്. വൃക്കകള്‍ കൂടുതല്‍ തകരാറിലാകുന്നതിന് മുന്‍പ് രോഗങ്ങള്‍ കണ്ടെത്തി കൃത്യസമയത്ത് ചികിത്സ തേടണം. പ്രമേഹം ഉള്ളവരാണെങ്കില്‍ രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും നന്നായി നിയന്ത്രിക്കണം. ജീവിതശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരണം. സ്ഥിരമായി വ്യായാമവും നല്ല ഡയറ്റും ശീലമാക്കണം. പുകവലി നിര്‍ത്തണം. ശരീരഭാരം നിയന്ത്രിക്കണം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുന്നതും വൃക്ക രോഗങ്ങളെ നേരത്തെ കണ്ടെത്തി ചികില്‍സിക്കാന്‍ സഹായിക്കും. സിറം ക്രിയാറ്റിനിന്‍, യൂറിന്‍ റൂട്ടിന്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നതിലൂടെ വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്താന്‍ കഴിയും.