ലൂര്‍ദ് ആശുപത്രിയില്‍ പുതിയ ശിശുരോഗ ശസ്ത്രക്രിയ വിഭാഗം

Posted on: February 14, 2022

കൊച്ചി : മുപ്പതാമത് ലോകരോഗീദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രിയില്‍ പുതുതായി ആരംഭിച്ച ശിശുരോഗ ശസ്ത്രക്രിയ വിഭാഗത്തിന്റെ ആശിര്‍വാദകര്‍മ്മം ഫെബ്രുവരി പതിനൊന്നാം തിയ്യതി മോണ്‍സിഗ്‌നോര്‍. ജോസഫ് ഇട്ടുരുത്തില്‍ നിര്‍വഹിച്ചു. പീഡിയാട്രിക് സര്‍ജന്‍ ഡോ. ജോയ് എം.ജി യുടെ സേവനം ലൂര്‍ദില്‍ ലഭ്യമായിരിക്കും. ഒ.പി സമയം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 മണി വരെ ആയിരിക്കും. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പോള്‍ പുത്തൂരാന്‍, മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. സന്തോഷ് ജോണ്‍ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

ഹോസ്പിറ്റല്‍ ദിനാഘോഷത്തിന്റെ ഭാഗമായി ലൂര്‍ദ് ആശുപത്രിയില്‍ പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുനാളും രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥന ശുശ്രൂഷയും നടത്തി . ഉപവിയുടെ പാതയിലായിരുന്നുകൊണ്ട് സഹിക്കുന്നവരുടെ ചാരെ നില്ക്കുക എന്നതാണ് 2022 ലെ ലോകരോഗീദിനത്തില്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പ നല്‍കുന്ന സന്ദേശം.

മുപ്പതു വര്‍ഷം മുമ്പ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാപിച്ചതാണ് ലോകരോഗീദിനം. രോഗികളായവരോടും അവരെ ശുശ്രൂഷിക്കുന്നവരോടും വര്‍ദ്ധിതമായ താത്പര്യത്തോടെ പെരുമാറുന്നതിന് ദൈവജനത്തെയും കത്തോലിക്കാ ആരോഗ്യപരിപാലന സ്ഥാപനങ്ങളെയും സാധാരണ പൗരസമൂഹത്തെയും പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷയും രോഗികള്‍ക്കുവേണ്ടി അര്‍പ്പിച്ചു. മുഖ്യകാര്‍മികനായി ദിവ്യബലിയര്‍പ്പിച്ചത് അഭിവന്ദ്യ ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. മോണ്‍സിഗ്‌നോര്‍. ജോസഫ് ഇട്ടുരുത്തില്‍, ലൂര്‍ദ് ഡയറക്ടര്‍ ഫാ.ഷൈജു അഗസ്റ്റിന്‍ തോപ്പില്‍ എന്നിവര്‍ സഹകാര്‍മികരായി.

ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം സേവനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ലൂര്‍ദ് ഇന്‍ഫോര്‍മേഷന്‍ ഡെസ്‌കുമായി ബന്ധപ്പെടുക : 04844121233/1234.