യു എ ഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണി ആകുമെന്ന് ഐ ബി എം സി ഗോള്‍ഡ് കണ്‍വന്‍ഷന്‍

Posted on: November 26, 2022

കൊച്ചി : യു എ ഇ ലോകത്തെ വലിയ സംയോജിത സ്വര്‍ണ വിപണി ആകുമെന്നു ഐ ബി എം സി യുടെ ആഭിമുഖ്യത്തില്‍ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടന്ന ഗോള്‍ഡ് കണ്‍വെന്‍ഷന്‍ വിലയിരുത്തി. രാജ്യത്തെ സ്വര്‍ണ്ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും, അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്. എണ്ണയിതര വാണിജ്യ കുതിപ്പിന്റെ ഭാഗമായി സമയബന്ധിതമായ പരിഷ്‌കാരങ്ങള്‍ വഴി സ്വര്‍ണ്ണ വ്യവസായത്തിന് എല്ലാ പിന്തുണയും യു എ ഇ നല്‍കുന്നുവെന്നും ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള വൈവിധ്യവല്‍ക്കരണ പരിപാടിയില്‍ ഒന്നാണിതെന്നും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐ സി സി യു എ ഇ) ചെയര്‍മാനും യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഫെഡറേഷന്‍ സെക്രട്ടറി ജനറലുമായ ഹുമൈദ് ബിന്‍ സാലം മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു.

മേഖലയിലെ വലിയ ഹൈബ്രിഡ് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ ആയിരുന്നു ഇതെന്ന് ഐ ബി എം സി ഫിനാന്‍ഷ്യല്‍ പ്രൊഫഷന്‍സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പികെ സജിത് കുമാര്‍ ചൂണ്ടിക്കാട്ടി. അഞ്ച് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 100 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

യുഎഇ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സും ഐബിഎംസിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ ലോകമെമ്പാടുമുള്ള മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ പ്രമുഖര്‍, സ്വര്‍ണ്ണ ഖനി ഉടമകള്‍ , റിഫൈനറി പ്രതിനിധികള്‍ , ജ്വല്ലറി വ്യാപാരികള്‍, ഇറക്കുമതി കയറ്റുമതി കമ്പനി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്തു ഘാന, സഊദി അറേബ്യ, യുകെ, പാപുവ ന്യൂ ഗിനിയ എന്നി രാജ്യ പ്രതിനിധികളുമായി ഐബിഎംസി ധാരണാപത്രം ഒപ്പുവച്ചു.

50 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, ഡിപ്ലോമാറ്റിക് എന്‍ക്ലേവിന്റെ പ്രത്യേക സെഷനില്‍ പങ്കെടുത്തു.