ഡി ജി സി എക്‌സ് – ഐ ബി എം സി ഗോൾഡ് കൺവൻഷന് തുടക്കമായി

Posted on: January 9, 2019

ദുബായ് : ദുബായ് ഗോൾഡ് ആൻഡ് കമ്മോഡിറ്റിസ് എക്‌സ്‌ചേഞ്ച്, ഐ ബി എം സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഗോൾഡ് കൺവൻഷന് ദുബായ് ബുർജ് ഖലീഫയിലെ അർമാനി ഹോട്ടലിൽ തുടക്കമായി. യു എ ഇ യിലെയും മറ്റ് ഭൂഖണ്ഡങ്ങളിലെയും സ്വർണ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നവരുടെ സഹകരണം വർധിപ്പിക്കുക, സ്വർണ വ്യാപരം, നിക്ഷേപം, വ്യവസായ സൗഹൃദം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഗോൾഡ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയ്ക്ക് ആഫ്രിക്കയും ദുബായും തമ്മിലുള്ള സ്വർണ വ്യാപാരം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ യു എ ഇ – ആഫ്രിക്ക വ്യാപാര സാധ്യതകൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലും സ്വർണവ്യാപാരം പ്രോത്സാഹിപ്പിക്കാനും പുതിയ വിപണി തുറക്കാനും കൺവൻഷൻ ലക്ഷ്യമിടുന്നു. പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ പ്രതിനിധികളാണ് കൺവൻഷനിൽ പങ്കെടുക്കുന്നത്.

ഐ ബി എം സി ഇന്റർനാഷണൽ യു എ ഇ ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഹാമിദ്, ഡി ജി സി എക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ലെസ് മേൽ, ഐ ബി എം സി ഗ്ലോബൽ നെറ്റ്വർക്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി. കെ സജിത്കുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ദുബായിലും മറ്റു രാജ്യങ്ങളിലും നിക്ഷേപത്തിനും സ്വർണവ്യാപാരത്തിനും ആഗ്രഹിക്കുന്ന ഇന്ത്യയിൽ നിന്നുള്ള സ്വർണ നിക്ഷേപകർക്ക് സുവർണാവസരം കൂടിയാണ് ഗോൾഡ് കൺവൻഷൻ. അടുത്ത ഗോൾഡ് കൺവൻഷൻ 2020 ഫെബ്രുവരി 20 ന് നടക്കും.