പ്രവാസി വ്യവസായി ജോയ് അറയ്ക്കൽ അന്തരിച്ചു

Posted on: April 24, 2020

ദുബായ് : പ്രമുഖ പ്രവാസി വ്യവസായിയും ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി എംഡിയുമായ മാനന്തവാടി അറയ്ക്കൽ പാലസിൽ ജോയ് അറയ്ക്കൽ (54) ദുബായിൽ അന്തരിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. യുഎഇ. സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ പെട്രോളിയം റിഫൈനിംഗ്, പെട്രോകെമിക്കൽ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്നോവ റിഫൈനിംഗ് ആൻഡ് ട്രേഡിംഗ് കമ്പനി ഉടമയാണ്. ദീർഘകാല വിസയായ യുഎഇ ഗോൾഡ് കാർഡ് ആദ്യം ലഭിച്ച മലയാളികളിൽ ഒരാളണ്.

വയനാട്ടിലെ അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറായിരുന്നു. ഗൾഫിലും കേരളത്തിലുമുള്ള നിരവധി കമ്പനികളുടെ എംഡിയും ഡയറക്ടറുമാണ്. ബിസിനസിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജ്ജീവമായിരുന്നു. പാവപ്പെട്ടവർക്കുള്ള ഭവനനിർമാണ പദ്ധതികൾ, ഡയാലിസിസ് സഹായം തുടങ്ങി നിരവധി കാരുണ്യപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ജോയിയുടെ അറയ്ക്കൽ പാലസ് കേരളത്തിലെ ഏറ്റവും വലിയ വീടുകളിൽ ഒന്നാണ്.

ഭാര്യ സെലിൻ. മക്കൾ : അരുൺ, ആഷ്‌ലി. പുതുശേരി വെഞ്ഞോട് അറയ്ക്കൽ ഉലഹന്നാന്റെയും പരേതയായ ത്രേസ്യയുടെയും മകനാണ്. സഹോദരങ്ങൾ : ചാക്കോ, വർഗീസ്, മേരി, അന്ന, ജോണി.

അരുൺ അഗ്രോഫാംസ്, അരുൺ അഗ്രോവെറ്റ്, വയനാട് അഗ്രോ മൂവ്‌മെന്റ് ടീ കമ്പനി, കോഫീ ഇൻഡസ്ട്രീസ്, അരുൺ എക്‌സ്‌പോർട്ട്‌സ് ആൻഡ് ട്രേഡേഴ്‌സ്, ഫ്രിഞ്ച് ഫോർഡ് എസ്‌റ്റേറ്റ് എന്നിവയാണ് ജോയ് അറയ്ക്കലിന്റെ സ്ഥാപനങ്ങൾ. ഹെഡ്ജ് ഇക്വിറ്റീസ്, രാഷ്ട്രദീപിക തുടങ്ങിയവയുടെ ഡയറക്ടറുമാണ്.